കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്രവ ശേഖരണ കേന്ദ്രം തുടങ്ങി

കണ്ണൂർ :കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍  സ്രവ ശേഖരണ കേന്ദ്രം ആരംഭിച്ചു. ജില്ലയില്‍ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കൂത്തുപറമ്പ് നഗരസഭ പ്രദേശത്തും പാട്യം, കോട്ടയം, കതിരൂര്‍ ഗ്രാമപഞ്ചായത്തുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രതേ്യക നിര്‍ദ്ദേശപ്രകാരമാണ് സ്രവ ശേഖരണ കേന്ദ്രം ആരംഭിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, കോവിഡ്-19 ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എന്‍ അഭിലാഷ് എന്നിവര്‍ കൂത്തുപറമ്പ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ആശുപത്രിയിലെ പ്രതേ്യക ബ്ലോക്കില്‍ സ്രവപരിശോധനയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയത്. ഇതിനായി രണ്ട് ദന്തരോഗ വിദഗ്ധര്‍, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ്-19 ന്റെ സമൂഹവ്യാപനം തടയുന്നതിനായി കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി കോവിഡ് ബാധിതരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 1898 പേരില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 294 പേരെ സ്രവപരിശോധനക്ക് വിധേയാക്കുകയും അതില്‍ 17 പേര്‍ക്ക് സമ്പര്‍ക്കം മൂലമുള്ള കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലയില്‍ നിലവില്‍ വിദേശത്ത്‌നിന്ന് എത്തിയിട്ടുള്ള 733 പേരില്‍ 28 ദിവസം പൂര്‍ത്തിയാക്കാത്ത 529 പേരെക്കൂടി സ്രവപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

error: Content is protected !!