അവശ്യ സാധനങ്ങള്‍ക്കായി കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററിലേക്ക് റെക്കോര്‍ഡ് വിളികള്‍ ഔദ്യോഗിക തിരക്കിനിടയിലും കോള്‍ സെന്ററിലെത്തി എഡിഎം

കണ്ണൂർ :ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അവശ്യ സാധനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് ഫോണ്‍ വിളികളുടെ പ്രവാഹം. മരുന്നുകള്‍ക്ക് മാത്രമായി 300ലേറെ കോളുകളാണ് ബുധനാഴ്ച എത്തിയത്. ഇതോടെ അവശ്യ മരുന്നുകളെ കുറിച്ച് വിവരം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ 9400066020 എന്ന നമ്പറിന് പുറമേ 9400066019 എന്ന നമ്പറിലേക്കും വിളിക്കാം. 9400066016, 9400066017, 9400066018, എന്നീ നമ്പറുകളിലേക്കാണ് അവശ്യ സാധനങ്ങള്‍ക്കായി വിളിക്കേണ്ടത്. കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ 6818 കോളുകളാണെത്തിയത്.
അതേസമയം, ഔദ്യോഗിക തിരക്കിനിടയിലും കോള്‍ സെന്ററില്‍ വളണ്ടിയായി എഡിഎം ഇ പി മേഴ്‌സി എത്തി. ലോക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നയാളുകള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററെന്നും നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായിച്ചുവെന്നും എഡിഎം പറഞ്ഞു. സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സംവിധാനം ഇനിയും തുടരുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ റേഷന്‍ സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെത്തിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്നും എഡിഎം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍ എന്നിവരും കോള്‍ സെന്ററില്‍ എത്തിയിരുന്നു.
ജില്ലാ ഭരണ കൂടം, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്റു യുവ കേന്ദ്ര, വനിത ശിശു വികസന വകുപ്പ് തുടങ്ങിയവയെ ഉള്‍പ്പെടുത്തിയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ വൈകീട്ട് 5വരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം.