കുടുംബശ്രീകണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കണ്ണൂർ :കൊറോണ ഭീതിയില്‍ കഴിയുന്ന മനസ്സുകളെ സര്‍ഗ്ഗാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബാലസഭാ കുട്ടികള്‍, കുടുംബശ്രീ അംഗങ്ങള്‍, വയോജനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ബാലസഭാ കുട്ടികളുടെ രചനോത്സവം വരയും കുറിയും എന്ന പേരില്‍ രണ്ട് ഘട്ടമായാണ് സംഘടിപ്പിക്കുന്നത്.

ആദ്യഘട്ടം സി ഡി എസ്സ് തലമാണ്. ബാലസഭാ അംഗത്തിന്റെ രചനകള്‍ അതത് കുടുംബശ്രീ സി ഡി എസിന്റെ വാട്‌സ്ആപ് നമ്പറിലേക്കാണ് അയക്കേണ്ടത്. സി ഡി എസ് തലത്തില്‍ വിജയിക്കുന്ന 5 രചനകള്‍ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കും. അഞ്ച് മുതല്‍ 12 വയസ്സ് വരെ ജൂനിയര്‍ സീനിയര്‍ വിഭാഗവും 13 മുതല്‍ 17 വയസു വരെ സീനിയര്‍ വിഭാഗവുമായിരിക്കും. ആസ്വാദനക്കുറിപ്പ്, കാര്‍ട്ടൂണ്‍ രചന, ഇംഗ്ലീഷ് കവിതാ രചന, മലയാളം കവിതാ രചന, ഫോട്ടോ ഷൂട്ട് എന്നിങ്ങനെ അഞ്ച് മത്സരങ്ങളാണ് ബാലസഭാ വിഭാഗത്തിനുള്ളത്. 2019 മുതല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച കഥയോ നോവലോ ആസ്പദമാക്കി 100 വാക്കില്‍ കവിയാത്ത ആസ്വാദനകുറിപ്പാണ് തയ്യാറാക്കേണ്ടത്. ലോക് ഡൗണാണ് കാര്‍ട്ടൂണ്‍ രചനാ വിഷയം. മൈ കൊറോണ ഡേയ്‌സ് (ഇംഗ്ലീഷ്), അതിജീവനം (മലയാളം) എന്നിവയാണ് കവിതാ രചനയ്ക്കുള്ള വിഷയം. കവിതകള്‍ 10 വരിയില്‍ കൂടരുത്. ലോക് ഡൗണ്‍ ദിവസത്തെ രസകരമായ കാഴ്ചകള്‍ പകര്‍ത്തി സമയം തീയതി എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ ഷൂട്ട് മത്സരത്തില്‍ പങ്കെടുക്കാം.

എഡിറ്റ് ചെയ്യാത്ത ഫോട്ടോകളായിരിക്കണം അയക്കേണ്ടത്. രചനയുടെ താഴെയായി ബാലസഭാ അംഗത്തിന്റെ പേര്, ബാലസഭയുടെ പേര്, സ്ഥലം എന്നിവ ചേര്‍ക്കേണ്ടതാണ്.
കുടുംബശ്രീ വനിതകള്‍ക്കായി കനല്‍ ചവിട്ടി കൊറോണയും കടന്ന് മുന്നോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി അനുഭവക്കുറിപ്പ് മത്സരമാണ് സംഘടിപ്പിച്ചിട്ടുള്ളത്. സിഡിഎസ്സ് തലം, ജില്ലാ തലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ കൊറോണക്കാലം നല്‍കിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കുറിപ്പ് തയ്യാറാക്കേണ്ടത്. 200 വാക്കില്‍ കവിയാത്ത രചനകള്‍ എഴുതി ഫോട്ടോയെടുത്തോ ഫോണില്‍ ടൈപ്പ് ചെയ്‌തോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സി ഡി എസ്സിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയക്കുക. മികച്ച മൂന്ന് രചനകള്‍ ജില്ലാതല മത്സരത്തിലേക്ക് പരിഗണിക്കുന്നതായിരിക്കും. അംഗത്തിന്റെ പേര്, കുടുംബശ്രീയുടെ പേര്, സ്ഥലം എന്നിവ രചനയോടൊപ്പം ചേര്‍ക്കേണ്ടതാണ്.

വയോജനങ്ങള്‍ക്കായി ഓര്‍മ്മ മരം പൂക്കുമ്പോള്‍ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പ് മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്റെ പള്ളിക്കൂട കാലം, എന്റെ ജീവിത പ്രണയം എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി 200 വാക്കില്‍ കവിയാത്ത ഓര്‍മ്മക്കുറിപ്പുകളാണ് അയക്കേണ്ടത്. സൃഷ്ടികള്‍ എ4 പേപ്പറില്‍ എഴുതിയോ ഫോണില്‍ ടൈപ്പ് ചെയ്‌തോ വാട്‌സ് ആപ്പ് വഴി അയക്കാം. ഇത് ജില്ലാതല മത്സരമായാണ് നടത്തുന്നത്. ആ രചനകള്‍ മാത്രം 8943725795 ,8921478324, 8547814491 എന്ന നമ്പറുകളില്‍ വാട്‌സ് ആപ് ചെയ്യുക. 60 വയസ്സ് കഴിഞ്ഞവരായിരിക്കണം ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പേര്, സ്ഥലം, കുടുംബശ്രീ അംഗമാണെങ്കില്‍ കുടുംബശ്രീയുടെ പേരും ചേര്‍ക്കേണ്ടതാണ്.

ബാലസഭാ, കുടുംബശ്രീ വനിതകള്‍ക്കായുള്ള മത്സരങ്ങള്‍ 2 ഘട്ടമായാണ് നടത്തുന്നത്. ആദ്യഘട്ടം സി ഡി എസ് തലമാണ്. രചനകള്‍ 2020 ഏപ്രില്‍ 25 ന് 5 മണിക്ക് മുമ്പായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപത്തിലെയും കുടുംബശ്രീ സി ഡി എസ്സിന്റെ വാട്‌സാപ്പ് നമ്പറുകളിലേക്ക് അയക്കേണ്ടതാണ്. ഇതിലെ വിജയികള്‍ക്കാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക..

error: Content is protected !!