ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സോങ് പ്രകാശനം ചെയ്തു

കണ്ണൂർ : ജില്ലാ ഭരണകൂടത്തിനായി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സോങ്ങ് ഒരുക്കി സംഗീത സംവിധായകന്‍ ഡോ. സി വി രഞ്ജിത്ത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന്‍ ക്യാമ്പയിന്‍ സോങ്ങിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന സാഹചര്യത്തിലാണ് ഒരു ക്യാമ്പയിന്‍ സോങ്ങ് എന്ന ആശയം മനസ്സിലുദിച്ചതെന്ന് ചെറുകുന്ന് വിജയ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍ കൂടിയായ രഞ്ജിത്ത് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പാട്ടെഴുത്തും സംഗീത സംവിധാനവും ആലാപനവുമൊക്കെ പൂര്‍ത്തിയായി ക്യാമ്പന്‍ സോങ്ങ് പുറത്തിറക്കാനായി. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കേരളത്തിന്റെ വിവിധയിടങ്ങളിലിരുന്നാണ് തന്റെ സഹപ്രവര്‍ത്തകള്‍ ഈ പാട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
. ‘ഓണ്‍ ദിസ് ലോണ്‍ലി ബ്ലൂ ഡോട്ട്, തേര്‍ഡ് റോക്ക് ഫ്രം ദ സണ്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് കൊച്ചി സ്വദേശി ലിങ്കണ്‍ സാമുവലാണ്. വിന്‍സന്റ് പീറ്ററാണ് ആലാപനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങ് പ്രശോഭ്. മ്യൂസിക് പ്രൊഡക്ഷന്‍ അശ്വിന്‍ ശിവദാസന്‍. കൊറോണയ്ക്കെതിരെ പടപൊരുതുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് അദ്ദേഹം ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലൂടെയാണ് ഡോ. സി വി രഞ്ജിത്ത് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് തെരുവ് നക്ഷത്രങ്ങള്‍, നിഴല്‍ (തമിഴ്) തുടങ്ങി നിരവധി സിനിമകളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചു.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കലക്ടര്‍ ടി വി സുഭാഷ്, എസ്പി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.