രാജ്യത്ത് കോവിഡ് മരണം 273 ആയി

ഡൽഹി :രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. മഹാരാഷ്ട്രയില്‍ മാത്രം 134 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്കും കോവിഡ്. ബീഹാർ, ഢാർഖണ്ഡ് എന്നിവിടങ്ങളിൽ ഇന്ന് ഒരോ മരണം റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ, ചത്തീഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കേസുകൾ കണ്ടെത്തി. ഡൽഹിയിൽ 33 പ്രദേശങ്ങളെ അതീവ ജാഗ്രത കേന്ദ്രങ്ങളായി നിർണയിച്ചു. വ്യാപക പരിശോധനയും കർശന ബന്തവസും ഇവിടെ ഏർപ്പെടുത്തും.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 1100 കവിഞ്ഞു. മരണസംഖ്യ 127 ആയി. മുംബൈയിലെ ധാരാവിയിൽ 15 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആകെ എണ്ണം 45 ആയി ഉയർന്നു. നാലു പേരാണ് ഇവിടെ മരിച്ചത്. ഇതേ തുടർന്ന് ചേരി പ്രദേശത്ത് ബന്തവസ് കർശനമാക്കി.

താനെയിൽ ഒരു പോലിസുകാരനു കൂടി കോവിഡ് കണ്ടെത്തി. മറ്റ് 45 സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ആറ് ജീവനക്കാർക്ക് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ താജ് ഹോട്ടൽ അടച്ചു. അതേ സമയം ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം കണ്ടെത്തുന്നത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. നൂറോളം പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ പകുതിയിലേറെ മലയാളി നഴ്സുമാരാണ്. പത്തോളം സ്വകാര്യ ആശുപത്രികൾ അടച്ചിട്ടുണ്ട്.

error: Content is protected !!