ഹോട്ട്‌സ്‌പോട്ട്, നോണ്‍ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ചെയ്യാന്‍ അനുമതിയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍

കണ്ണൂർ : ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹോട്ട്‌സ്‌പോട്ട്, നോണ്‍ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ചെയ്യാന്‍ അനുമതിയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഹോട്ട്‌സ്‌പോട്ടുകളില്‍ അനുവദനീയമായ കാര്യങ്ങള്‍
1, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അനുമതി നല്‍കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
2, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി തുടരണം. പഞ്ചായത്തുകള്‍/ നഗരസഭകള്‍ ഹോം ഡെലിവറിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
3, ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട് തുറക്കുന്ന കടകളുടെ സമയ പരിധി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് തീരുമാനിക്കാവുന്നതാണ്.
4, വളണ്ടിയര്‍ മുഖേന റേഷന്‍ കടകള്‍ക്ക് ഹോം ഡെലിവറി നടത്താം.
5, വിതരണക്കാര്‍ മുഖാന്തിരം പാചക വാതക വിതരണം ചെയ്യാവുന്നതാണ്.
6, എല്ലാ മെഡിക്കല്‍ സ്ഥാപങ്ങള്‍ക്കും (മെഡിക്കല്‍/ നോണ്‍ മെഡിക്കല്‍) തുറന്നു പ്രവര്‍ത്തിക്കാം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.
7, പഞ്ചായത്ത്/ നഗരസഭകളുമായി സഹകരിച്ച് മില്‍മ ഔട്‌ലെറ്റുകള്‍ക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്.
8, കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് പ്രവര്‍ത്തനം തുടരാവുന്നതാണ്.
9, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടുള്ള ജീവനക്കാര്‍ക്ക് യാത്രാനുമതിയുണ്ട്.
10, മാധ്യമ സ്ഥാപനങ്ങള്‍ക്ക് ദൈനംദിന ജോലികള്‍ തുടരാം.
11,ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ജില്ലാ കലക്ടര്‍, ആസൂത്രണ സമിതി എന്നിവര്‍ നല്‍കിയ പാസ്സ് കൈയിലുള്ള വളണ്ടിയര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഹോം ഡെലിവറി നടത്തുന്ന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പൊലീസ് യാത്രാനുമതി നല്‍കേണ്ടതാണ്.
നോണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ അനുവദനീയമായ കാര്യങ്ങള്‍
1, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. (തുറക്കേണ്ട കടകളുടെ എണ്ണം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനിക്കും).
2, ഹോം ഡെലിവറിക്ക് മുന്‍ഗണന. റേഷന്‍ കടകള്‍ തുറക്കാം. മില്‍മ ബൂത്തുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
3, പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സേവനം തുടരാം. കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് പ്രവര്‍ത്തനം തുടരണം.
4, എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ദൈനംദിന പ്രവൃത്തികള്‍ തുടരാം.
5, കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയ ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
6, പാചക വാതക വിതരണം തുടരാം.
7, തപാല്‍ സേവങ്ങള്‍ക്ക് അനുമതി.