കോവിഡ്- 19 ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് സംസ്‌ക്കരിച്ചു :സംസ്‌ക്കാരം പ്രോട്ടോക്കോള്‍ പാലിച്ച്

കണ്ണൂര്‍:കോവിഡ്- 19 ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് സംസ്കരിച്ചു. ഇന്ന് രാവിലെ 7.35നാണ് മാഹി ചെറുകല്ലായി സ്വദേശിയായ മെഹറൂഫ് കണ്ണൂർ പരിയാരം ഗവർമെന്റ് മെഡിക്കൽ കോളേജിൽവച്ച് മരിച്ചത്. മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ മാഹിയിൽ സംസ്ക്കരിക്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ ഇത് പിന്നീട് പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ദാറുൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപത്തുള്ള ഖബർസ്ഥാനിൽ സംസ്ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജിന് സമീപം കോരന്‍പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദ്ദേഹം സംസ്‌കരിക്കാൻ തയ്യാറാണെന്ന് പള്ളി കമ്മറ്റി ഭാരവാഹികൾ അറിയിക്കുകയായിരുന്നു .സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ജമാഅത്ത് കമ്മറ്റി ഇത്തരം തീരുമാനം എടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച്‌ വീട്ടുകാരുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം പരിയാരത്ത് സംസ്കരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

വൈകിട്ട് 5 : 50ഓടെ മൃതദ്ദേഹം ഖബർസ്ഥാനിൽ എത്തിച്ച് നിലവിലുള്ള പ്രോട്ടോക്കോള്‍ കർശനമായി പാലിച്ച് സംസ്‌ക്കരിച്ചു. ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,ആർ എം ഒ എന്നിവർ PP കിറ്റ് ധരിച്ച് , ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചിരുന്നു. 10 അടി താഴ്ചയുള്ള കുഴിയിൽ എല്ലാ സുരക്ഷയോടു കൂടി മൃതദേഹം അടക്കം ചെയ്തു.

മാഹിയിൽ നിന്ന് രണ്ടു ഡോക്ടര്‍മാരും , ഹെൽത്ത് ഇൻസ്‌പെക്ടർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നീ ആരോഗ്യ പ്രവർത്തകരും, തളിപ്പറമ്പ്, പയ്യന്നൂർ തഹസിൽദാർ, തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വാര്‍ഡ് മെംബര്‍, എന്നിവരും, കണ്ണൂർ ജില്ലാ പോലീസ് ചീഫ് ,മാഹി പോലീസ് സൂപ്രണ്ടൻറ്,തളിപ്പറമ്പ് ഡി വൈ എസ് പി , പരിയാരം എസ് ഐ , എന്നിവർ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്ഥലത്ത് ഉണ്ടായിരുന്നു .

error: Content is protected !!