കണ്ണൂരിൽ പലവ്യഞ്ജന കിറ്റുകളും സൗജന്യ റേഷനും  വീടുകളിൽ എത്തിക്കും : രണ്ടാംഘട്ട വിതരണം 27 മുതല്‍

കണ്ണൂർ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാം ഘട്ട വിതരണം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും.  ജില്ലയില്‍ 1,65721 കിറ്റുകളാണ് പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള രണ്ടാംഘട്ട വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.  ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തില്‍ പെട്ട 35862 ഗുണഭോക്താക്കളില്‍ 34911 പേര്‍ പലവ്യഞ്ജന കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്.

ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിതോടെ പലവ്യഞ്ജന കിറ്റുകളും സൗജന്യ റേഷനും  ഹോം ഡെലിവറിയായാണ് എത്തിച്ച് നല്‍കുക. ജില്ലാ കലക്ടറുടെ  ഉത്തരവ് അനുസരിച്ച് ഇതിനായുള്ള നിര്‍ദേശം എല്ലാ റേഷന്‍ കടയുടമകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ ജില്ലയില്‍ 99 ശതമാനം പേരും  കൈപ്പറ്റിയിട്ടുണ്ട്. 35862 എഎവൈ കാര്‍ഡുടമകളും, 1,65721 മുന്‍ഗണന (പിങ്ക്) കാര്‍ഡുടമകളും 2,10440 വെള്ള കാര്‍ഡുടമകളും 2,22436 നീല കാര്‍ഡുടമകളും ഉള്‍പ്പെടെ ആകെ 6,25459 കാര്‍ഡുകളാണ് ജില്ലയിലുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം,  ഓരോ അംഗത്തിനും അഞ്ച് കിലോ അരിയെന്ന  കണക്കില്‍ എ എ വൈ (മഞ്ഞ) കാര്‍ഡിലെ 1,50277 അംഗങ്ങള്‍ക്കുള്ള ഏപ്രില്‍ മാസത്തെ അരി വിതരണം  ജില്ലയില്‍ 86 ശതമാനവും പൂര്‍ത്തിയാക്കി. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തേക്കാണ് ഈ  പദ്ധതി പ്രകാരം സൗജന്യ റേഷന്‍ ലഭ്യമാകുന്നത്.

ഏപ്രില്‍ 22 മുതല്‍  മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കുള്ള അരി വിതരണവും ആരംഭിച്ചിട്ടുണ്ട്.  ജില്ലയില്‍ മുന്‍ഗണനാ കാര്‍ഡ് പ്രകാരം സൗജന്യ റേഷന് അര്‍ഹരായിട്ടുള്ള 7,51969 അംഗങ്ങളില്‍ 45 ശതമാനം റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.    ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തേക്കായി ജില്ലയ്ക്ക് 13,590 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏപ്രില്‍, മെയ് മാസത്തേക്കുള്ള 4530 മെട്രിക് ടണ്‍ അരിയും ജില്ലയില്‍ എത്തിയിട്ടുണ്ട്.

error: Content is protected !!