കൊറോണ നമുക്കൊന്നും വരില്ലെന്ന് കരുതി കറങ്ങി നടക്കുന്നവർ ഇതൊന്ന് വായിക്കൂ …. കണ്ണൂരിൽ നാല് തദ്ദേശ സ്ഥാപനങ്ങള്‍ കൊറോണ റെഡ് സോണില്‍; എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍ :നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

കണ്ണൂർ :കൊറോണ നമുക്കൊന്നും വരില്ലെന്ന് ഇപ്പോഴും കരുതുന്നവർ ഇതൊന്ന് മനസിരുത്തി വായിക്കണം. ഇപ്പോഴും നമ്മൾ ജാഗ്രതയോടെത്തന്നെ വൈറസ് വ്യാപനത്തെ കാണണമെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ജില്ലാ കലക്റ്റർ പുറത്തുവിട്ട ഈ ഉത്തരവ് കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. വൈറസിന്റെ വ്യാപന സാധ്യത പരിഗണിച്ച് നാല് തദ്ദേശ സ്ഥാപനങ്ങളെ റെഡ് സോണിലും എട്ട് തദ്ദേശ സ്ഥാപനങ്ങളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയുടെ ചില ഭാഗങ്ങളില്‍ സമ്പര്‍ക്കം മൂലമുള്ള കൊറോണ ബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കിയത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്ഥാപനങ്ങളെ മൂന്നു സോണുകളായി തരംതിരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. അതായത് നമ്മൾ ആശ്വസിക്കാൻ ആയിട്ടില്ലെന്ന് അർത്ഥം.ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കറങ്ങി നടക്കുന്നവർ ഇനിയെങ്കിലും സ്ഥിതിഗതികൾ ഗൗരവത്തോടെ മനസിലാക്കണമെന്ന് സാരം .

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാട്യം, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. തലശ്ശേരി, പാനൂര്‍ മുനിസിപ്പാലിറ്റികള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്.
അഞ്ചോ അതിലധികമോ കൊറോണ പോസിറ്റീവ് കേസുകളും 2000ല്‍ കൂടുതല്‍ ഹോം ക്വാറന്റൈന്‍ കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു മുതല്‍ അഞ്ചു വരെ പോസിറ്റീവ് കേസുകളും 500 മുതല്‍ 2000 വരെ ഹോം ക്വാറന്റൈന്‍ കേസുകളും ഉള്ള പ്രദേശങ്ങളാണ് ഓറഞ്ച് സോണില്‍.

റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ല. അവശ്യ സാധനങ്ങളെല്ലാം തദ്ദേശ സ്ഥാപനതല കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ഇവിടങ്ങളില്‍ റേഷന്‍ കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും.

റെഡ് സോണ്‍ പ്രദേശങ്ങളില്‍ ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കര്‍ശനമായി തടയും. ഈ പ്രദേശങ്ങളിലേക്ക് പുറമെ നിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇവിടങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ ആരോഗ്യനില ആശാ വര്‍ക്കര്‍മാര്‍ ദിനേന വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഓറഞ്ച് സോണുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏതൊക്കെ പ്രദേശങ്ങളില്‍, എത്ര കടകള്‍, എത്രസമയം തുറന്നു പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനതലത്തിലുള്ള സേഫ്റ്റി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളതും കൂടുതല്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ വാര്‍ഡുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും മറ്റിടങ്ങളില്‍ നിയന്ത്രണത്തിന് വിധേയമായി കടകള്‍ തുറക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടങ്ങളില്‍ അവലംബിക്കുക. മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുറക്കുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനതല കമ്മിറ്റിയാണ് തീരുമാനമെടുക്കുക.

തദ്ദേശസ്ഥാപന അധ്യക്ഷന്‍, ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ, പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി (കണ്‍വീനര്‍), വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി. റെഡ്, ഓറഞ്ച് സോണുകളില്‍പ്പെട്ട പ്രദേശങ്ങളിലെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പ്രാദേശിക സേഫ്റ്റി കമ്മിറ്റികള്‍ ഉറപ്പുവരുത്തും. ഐസൊലേഷനില്‍ കഴിയുന്നവരുള്ള 20 വീടുകള്‍ക്ക് ഒരു കമ്മിറ്റി എന്ന രീതിയിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. വാര്‍ഡ് മെംബര്‍, പഞ്ചായത്ത്/വില്ലേജ് ജീവനക്കാരന്‍ (കണ്‍വീനര്‍), സിവില്‍ പോലിസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാവും സമിതി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേരും കോവിഡ് കെയര്‍ കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാല്‍ ചെയ്ത് അതില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തും. ദിവസവും മൂന്നു നേരം ഇവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറും. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കേസെടുക്കുകയും അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്കോ മറ്റേതെങ്കിലും കൊറോണ കെയര്‍ സെന്ററിലേക്കോ അവരെ മാറ്റുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

സോണുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്നും പഞ്ചായത്ത്-ലോക്കല്‍ സേഫ്റ്റി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേരള എപ്പിഡെമിക് ഡിസീസസ്- കോവിഡ് 19 റെഗുലേഷന്‍സ് 2020, ദേശീയ ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

റെഡ്, ഓറഞ്ച് സോണുകളില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!