കണ്ണൂരിൽ വിവിധ ഇടങ്ങളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടികൂടി
കണ്ണൂർ : ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ സാഗര്‍’ റാണിയുടെ ഭാഗമായി ഏപ്രില്‍ ആറിന് ആയിക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ 260 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആയിക്കര ബാന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 220 കിലോഗ്രാം വട്ട മുള്ളന്‍, 40 കിലോഗ്രാം കിളിമീന്‍, എന്നിവയാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചത്.
ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഗൗരീഷിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോശമായ മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നതായി എ ഡി എം നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇരിക്കൂറിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള മൽസ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, ഫോർമാലിൻ കലർത്തിയതുമായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിക്കൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ കെ. പ്രസാദിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഫുഡ് സേഫ്റ്റി സ്ക്വാഡാണ് പരിശോധന നടത്തിയത്.
കുട്ടാവ് ജംഗ്ഷൻ, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിലുള്ള മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 23 കിലോ ചെമ്മീൻ, 12 കിലോ മത്തി എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്ക്വാഡിൽ ഫുഡ് ഇൻസ്പെക്ടർ ജിതിൻ U, ഫിഷറീസ് ഇൻസ്പെക്ടർ അനീഷ് കുമാർ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സുരേഷ് ബാബു എന്നിവരും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദുമുണ്ടായിരുന്നു.