റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഫെയ്സ്ബുക്ക്
ന്യൂഡല്‍ഹി: ടെലികോം മേഖലയിലെ വമ്പന്‍മാരായ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങി. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ വിപണി മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണിതെന്ന് റിലയന്‍സ് വ്യക്തമാക്കി.
ചൈനക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റര്‍നെറ്റ് വിപണിയായ ഇന്ത്യയില്‍ ശക്തമയ ഇടപെടല്‍ നടത്താന്‍ പുതിയ ഇടപാടിലൂടെ ഫേസ്ബുകിനാവും. അതിനാല്‍ തന്നെ ഫേസ്ബുകിനും ജിയോക്കും ഈ ഇടപാട് ഏറെ ഗുണകരമാണ്. നിലവില്‍ 400 മില്യണ്‍ ഡോളറില്‍പരം വാട്സ്ആപ്പ് ഉപഭോക്താക്കള്‍ ഫേസ്ബുകിന് സ്വന്തമാണ്. വാട്സ്ആപ് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തക്കിടയിലാണ് ജിയോയുമായുള്ള വന്‍ സാമ്പത്തിക ഇടപാട് നടന്നിരിക്കുന്നത്.
ജിയോ രാജ്യത്ത് ഉണ്ടാക്കിയ നാടകീയമായ പരിവര്‍ത്തനം തങ്ങളില്‍ സൃഷ്ടിച്ച ആവേശവും തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ് ജിയോയില്‍ തങ്ങള്‍ നടത്തിയ നിക്ഷേപം അടിവരയിടുന്നതെന്ന് ഫേസ്ബുക് വ്യക്തമാക്കി. തുടങ്ങിയിട്ട് നാല് വര്‍ഷത്തിനുള്ളില്‍തന്നെ 388 മില്യണ്‍ ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചുവെന്നും റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക് കൂട്ടിച്ചേര്‍ത്തു.
Jio and @Facebook partner to create opportunities for people and businesses.#WithLoveFromJio #Jio #Facebook #MarkZuckerberg #RelianceJio #JioDigitalLife pic.twitter.com/dMlW5TT4QF
— Reliance Jio (@reliancejio) April 22, 2020