“ആ കുട്ടിക്കുറുമ്പുകള്‍ മിസ്സ് ചെയ്യും” ; കൊറോണ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡോ. അമൃത

കണ്ണൂർ : കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റൈനില്‍ കഴിയുന്ന ഡോ. പി സി അമൃതയുടെ മനസ്സില്‍ ആശുപത്രി വിട്ടിറങ്ങുമ്പോള്‍ കണ്ട സങ്കടം നിറഞ്ഞ ആ കുഞ്ഞു മുഖങ്ങള്‍ തന്നെയാണ് ഇപ്പോഴും. പിപിഇ കിറ്റിനുള്ളിലെ അസഹ്യമായ ജീവിതത്തിനിടയിലും അല്പം ആശ്വാസം നല്‍കിയത് നിഷ്‌കളങ്കമായ ആ മുഖങ്ങളും അവരുടെ സംസാരങ്ങളുമാണ്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡിലെ 14 ദിവസത്തെ ഡ്യൂട്ടി ഡോക്ടര്‍ അമൃതയ്ക്ക് സമ്മാനിച്ചത് നിഷ്‌കളങ്കമായ ഈ സൗഹൃദമാണ്.

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഫിസിഷ്യന്‍ ആയ ഡോ. അമൃത ആശുപത്രിയിലെ കോവിഡ് ടീമിന്റെ ഭാഗമാകുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്. രോഗത്തെ ഭയപ്പെടേണ്ട… പകരാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന ആത്മവിശ്വാസവും കരുത്തുമാണ് രോഗബാധിതര്‍ക്ക് ഡോക്ടര്‍ നല്‍കിയതും.

ഏപ്രില്‍ 9നാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭീതിയോടെ കഴിയുന്ന രോഗബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു ആദ്യത്തെ കടമ. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കുട്ടികള്‍ കൂടുതല്‍ ഉണ്ടായിരുന്നു. രോഗബാധിതരായ കുട്ടികളെ ഒരു റൂമില്‍ തന്നെ ഇരുത്തുക എന്നതാണ് പ്രയാസകരമായ കാര്യമായി തോന്നിയത്. കളിച്ചു നടക്കേണ്ട സമയത്ത് ഒരു മുറിയില്‍ തന്നെ കഴിയുക എന്നത് അവരെ സംബന്ധിച്ച് പ്രയാസകരമാണ്. ഫോണ്‍ സംഭാഷണങ്ങളിലൂടെ അവരുമായി കൂടുതല്‍ അടുക്കുകയും അവരുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു. ഇങ്ങനെ എല്ലാവരെയും നിയന്ത്രിക്കാന്‍ സാധിച്ച് സന്തോഷത്തോടെ ഡോക്ടര്‍ ഓര്‍ത്തെടുത്തു. ഇവരുടെ തമാശകളും സംസാരങ്ങളും ഒക്കെ കോവിഡ് വാര്‍ഡിന് നല്‍കിയ ഊര്‍ജ്ജവും ചെറുതല്ല.

പിപിഇ കിറ്റിനുള്ളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുഖങ്ങള്‍ കാണാന്‍ സാധിക്കാത്തതായിരുന്നു ചികിത്സയിലുള്ളവരുടെ പ്രധാന ആശങ്ക. റോബോട്ടിന്റെ സഹായത്തോടെയുള്ള വീഡിയോ റൗണ്ട്സ് വന്നതോടെ ഈ പ്രശ്നവും പരിഹരിക്കാന്‍ സാധിച്ചു. സഹപ്രവര്‍ത്തകരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ 14 ദിനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായും വളരെ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് കോവിഡ് വാര്‍ഡിനോട് വിടപറയുമ്പോള്‍ കുട്ടിക്കൂട്ടങ്ങളെയാണ് അമൃത മിസ് ചെയ്യുന്നതും.

വടകര സ്വദേശിനിയായ അമൃത അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസി. പ്രൊഫസറാണ്. സമരത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍, മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെയാണ് മെഡിക്കല്‍ സംഘത്തിന്റെ ഭാഗമാകുന്നത്. ഭര്‍ത്താവ് ഡോ. ടി പി രാഗേഷും ഏഴ് വയസ്സുകാരി ശ്രീനന്ദയും നാല് വയസ്സുകാരന്‍ ശ്രേയസ്സും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. 14 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൊറാഴയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് അമൃത ക്വാറന്റൈനില്‍ കഴിയുന്നത്. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഒരു പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഡോക്ടര്‍.

error: Content is protected !!