കണ്ണൂരിൽ ഇന്ന്(11 :04 :2020 ) കൊറോണ രോഗം സ്ഥിരീകരിച്ചത് മുരിയാട് ,കതിരൂർ ,കൂത്തുപറമ്പ് ,കോട്ടയംമലബാർ മേഖലയിലുള്ള 7 പേർക്ക് :അഞ്ചുപേർക്ക്‌ രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. 14കാരിയുള്‍പ്പെടെ മൂന്നു കതിരൂര്‍ സ്വദേശിനികള്‍ക്കും രണ്ടു മൂര്യാട് സ്വദേശികള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 68ഉം 40 ഉം വയസ്സ് പ്രായമുള്ള സ്ത്രീകളാണ് കതിരൂരില്‍ നിന്നുള്ള മറ്റു രണ്ടു പേര്‍. ഇവര്‍ മൂന്നു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. മൂര്യാട് സ്വദേശികള്‍ 87ഉം 42ഉം വയസ്സ് പ്രായമുള്ളവരാണ്. 87കാരന്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും 42കാരന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

കൂത്തുപറമ്പ് സെന്‍ട്രല്‍ നരവൂര്‍ സ്വദേശിയായ 33കാരന്‍ മാര്‍ച്ച് 17നും കോട്ടയം മലബാര്‍ സ്വദേശിയായ 29കാരന്‍ 18നുമാണ് കരിപ്പൂര്‍ വഴി നാട്ടിലെത്തിയത്. 33കാരന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും 29കാരന്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്നും സ്രവപരിശോധനയ്ക്ക് വിധേയരായി.
ഇതോടെ ജില്ലയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 72 ആയി. ഇവരില്‍ 37 പേര്‍ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

ജില്ലയില്‍ 7881 പേരാണ് കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 22 പേരും 7781 പേര്‍ വീടുകളിലുമാണുള്ളത്. ഇതുവരെ 1055 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 896 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!