കണ്ണൂർ ജില്ലയില്‍ ഇന്ന് (13 :04 : 2020 ) കൊറോണ ബാധ സ്ഥിരീകരിച്ചത് ന്യൂമാഹി ,മാടായി സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് (13 :04 : 2020 ) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ന്യൂമാഹി പെരിമുണ്ടേരി സ്വദേശിയായ 74 കാരനും മാടായി സ്വദേശിയായ 36കാരിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പെരിമുണ്ടേരി സ്വദേശി ഏപ്രില്‍ 11ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും മാടായി സ്വദേശി ഏപ്രില്‍ 10ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 75 ആയി. ഇതുവരെ 38 പേരാണ് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. ജില്ലാ ആശുപത്രിയില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 13) ഒരാള്‍ കൂടി ഡിസ്ചാര്‍ജായിരുന്നു. നിലവില്‍ 59 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും എട്ടു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഏഴു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 7687 പേര്‍ വീടുകളിലുമായി ആകെ 7797 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 1314 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1063 എണ്ണത്തിന്റെ ഫലം ലഭ്യമായി. 251 എണ്ണത്തിന്റെ ഫലം ബാക്കിയുണ്ട്.

error: Content is protected !!