ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആശങ്ക ഉയര്‍ത്തി നിയന്ത്രണാതീതമായി ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച്‌ രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആയി ഉയര്‍ന്നു. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേ‍ര്‍ മരിച്ചു. കൊവിഡ് മരണത്തില്‍ മുന്‍പത്തെ അപേക്ഷിച്ച്‌ കുറവ് വരുന്നുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞതോടെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സ്പെയിന്‍, ഇറാന്‍ എന്നി രാജ്യങ്ങള്‍ ലോക്ഡൗണില്‍ അയവ് വരുത്തി. ബ്രിട്ടനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മരണ സംഖ്യ അഞ്ഞൂറില്‍ താഴെയാണ്. രോഗ ബാധിതരുടെ എണ്ണത്തിലും ബ്രിട്ടനില്‍ കുറവുണ്ട്.

ഇരുപത്തിയേഴായിരം പേര്‍ മരിച്ച ഇറ്റലിയില്‍ മെയ് നാലിന് ശേഷം ലോക്ഡൗണില്‍ ഇളവ് വരുത്തിയേക്കും. അതേസമയം ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയില്‍ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ന്യുയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍മാര്‍ അറിയിച്ചു.

അമേരിക്കയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് വല്ലാത്തറക്കല്‍ ആണ് മരിച്ചത്. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു.

error: Content is protected !!