കോവിഡ് 19 :തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു

ചെന്നൈ : തമിഴ്നാട്ടിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഇന്ന് 106 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ചെന്നൈ പുളിയന്തോപ്പിലെ 54 കാരിയാണ് മരിച്ചത്. സംസ്ഥാനത്ത് രോഗവ്യാപനവും മരണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്ലാസ്മ തെറാപ്പിക്ക് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. കര്‍ണാടകയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

1075 ആണ് തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം. 10655 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്ത് 459 ഇടങ്ങളാണ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. 20 ലക്ഷത്തിലധികം വീടുകളിലായി 83 ലക്ഷത്തോളം ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍, രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചു വരുന്നു. 11 പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളുമുണ്ടായി.

രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആശുപത്രി വിടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പിക്ക് സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.

കര്‍ണാടകയില്‍ ഇന്ന് 17 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 232 ആയി. എട്ടു പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ബെംഗളൂരു കോര്‍പറേഷനിലെ രണ്ടിടങ്ങള്‍ സീല്‍ ചെയ്തു. ഇവിടങ്ങളില്‍ റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.

രണ്ട് പേര്‍ കൂടി മരിച്ചതോടെ തെലങ്കാനയിലെ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ഇന്നലെ, 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 503 ആയി. 96 പേര്‍ക്ക് രോഗം ഭേദമായി. 393 പേരാണ് ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്ത് ലോക്ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു തീരുമാനം. ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം മരണം നടന്നത് തെലങ്കാനയിലാണ്. ആന്ധ്രപ്രദേശില്‍ ഇന്നലെ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 405 ആയി ഉയര്‍ന്നു. ആറാണ് സംസ്ഥാനത്തെ മരണ സംഖ്യ. പുതുച്ചേരിയിൽ ലോക്ഡൌണ്‍ നീട്ടുന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം ഉണ്ടായില്ല. കേന്ദ്രത്തിന്റെയും തമിഴ്നാട് സര്‍ക്കാറിന്റെയും തീരുമാനങ്ങള്‍ അനുസരിച്ചായിരിക്കും സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഏഴാണ്.

error: Content is protected !!