സംസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കിടയിൽ കോവിഡ് പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കിടയിൽ കോവിഡ് പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇത്തരം അവസ്ഥ കേരളത്തിൽ ഉണ്ടാവാതിരിക്കാനാണ് പരിശോധന നടത്തുന്നത്. ഇതിനുള്ള നടപടികൾ ഉടൻ ഉണ്ടാകും.
കോവിഡ് കാലത്ത് മാധ്യമസ്ഥാപനങ്ങളിൽ പിരിച്ചുവിടലും ശമ്പളം നൽകാതിരിക്കലും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. മാധ്യമസ്ഥാപനങ്ങൾക്ക് പരസ്യവുമായി ബന്ധപ്പെട്ട് സർക്കാർ നൽകാനുള്ള കുടിശിക നൽകാൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.