മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കും കോവിഡ്

മഹാരാഷ്ട്ര:    മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്ന് പുതിയ 121 കേസുകൾ കണ്ടെത്തി. പത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിയിലെ മരണസംഖ്യ ഏഴായി. 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാൽ എറ്റവും ഭീഷണി നിലനിൽക്കുന്ന പുനെയിൽ ഇന്ന് രണ്ടു മരണങ്ങൾ കൂടി ഉണ്ടായി. നാഗ്പൂരിൽ പുതിയ ഏഴു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

അതേസമയം, ലോക്ക് ഡൗൺ കാലത്ത് ഏറ്റവും സജീവമായ മൂന്നു വിഭാഗങ്ങളിൽ രോഗം ബാധിക്കുന്നത് പുതിയ ഭീഷണിയാണ്. ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും പുറമേ പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു തുടങ്ങി. താനെയിൽ മൂന്നു പൊലീസുകാർക്ക് കൂടി കോവിഡ് കണ്ടെത്തി. ഇവിടെ 28 പേർക്ക് രോഗലക്ഷണമുണ്ട്. ജൂഹു, മാറോൽ, കുറാർ പൊലീസ് സ്റ്റേഷനുകളിൽ നാലു പേർക്ക് കോവിഡ് ഉണ്ട്. നൂറിലധികം പേർ നിരീക്ഷണത്തിലാണ്. ഭവന മന്ത്രി ജിതേന്ദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.

മലയാളി നഴ്സുമാർ അടക്കം നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം ആശുപത്രികൾ അടച്ചു കഴിഞ്ഞു. മൂന്നു മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. നിരവധി പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മരണസംഖ്യ 150 കവിഞ്ഞു. 2500 ഓളം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!