തളരേണ്ടവരല്ല നാം; പോരാട്ട വീര്യം പകര്‍ന്ന്, ശൗര്യചക്ര ജേതാവ് പി വി മനേഷ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍

കണ്ണൂർ :ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററിലേക്ക് വളണ്ടിയറായി കടന്നു വരുമ്പോള്‍ ശൗര്യചക്ര ജേതാവും മുന്‍ എന്‍ എസ് ജി കമാന്‍ഡോയുമായ പി വി മനേഷിന്റെ മുഖത്ത് ഭീകരരെ നേരിട്ട അതേ ആത്മധൈര്യമായിരുന്നു. എത്ര വലിയ പ്രതിസന്ധികളെയും നമുക്ക് നേരിടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യവും. അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം തന്നെ അവര്‍ക്ക് ആത്മധൈര്യം പകരാനും അദ്ദേഹം മറന്നില്ല.

കൊറോണക്കാലത്ത് വീടുകളില്‍ സുരക്ഷിതരായിരിക്കേണ്ടതിനെ കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ സംസാരിച്ചാണ് അദ്ദേഹം ഫോണ്‍ വെച്ചത്. ആദ്യ കോള്‍ പള്ളിക്കുന്ന് സ്വദേശിയായ കുഞ്ഞികൃഷ്ണ വാര്യരുടേതായിരുന്നു. 10 ഓളം അവശ്യസാധനങ്ങള്‍ക്കായാണ് അദ്ദേഹം വിളിച്ചത്. ഉച്ചയ്ക്ക് മുന്‍പ് തന്നെ സാധനങ്ങള്‍ എത്തിക്കാം എന്ന് ഉറപ്പ് നല്‍കി കോള്‍ കട്ട് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹത്തോട് അല്‍പ്പം കുശലാന്വേഷണങ്ങള്‍ നടത്താനും മനേഷ് മറന്നില്ല.

ലോക് ഡൗണ്‍ സമയത്ത് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കുന്നതിനൊപ്പം നാം സാമൂഹിക പ്രതിബന്ധത മറക്കരുതെന്നും സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പി വി മനേഷ് പറഞ്ഞു. കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മാധ്യമങ്ങളിലൂടെ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നുണ്ടെങ്കിലും കോള്‍ സെന്ററില്‍ വളണ്ടിയറായി എത്താന്‍ കഴിഞ്ഞത് ഒരു നിമിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോള്‍ സെന്ററിലെ വളണ്ടിയറും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ഥിയുമായ കെ അനുരാഗ് വരച്ച ബോട്ടില്‍ ആര്‍ട്ട് പി വി മനേഷിന് സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ഫുട്ബോള്‍ താരം സി കെ വിനീത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍സെന്ററില്‍ എത്തിയിരുന്നു.

error: Content is protected !!