രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4421 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം ഒമ്ബതായി. ഇവിടെ രണ്ട് ഡോക്ടര്‍മാര്‍ക്കും, 13 നഴ്‌സുമാര്‍ക്കും, 3 ആശുപത്രി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ലോക് ഡൗണ്‍ കാലത്തും ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇതുവരെ 4421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 114 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 5 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ ഈ സ്ഥിതി മുന്നോട്ട് പോയാല്‍ ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 17000 കടന്നേക്കാം.ഡല്‍ഹി നിസാമുദ്ദിനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരാന്‍ ഇടയായത്. രാജ്യത്തെ രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. മാര്‍ച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 50-ല്‍ നിന്ന് 190 ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി ഉയര്‍ന്നു . മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1397 ആയി. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വര്‍ധനവാണ് ഈ അഞ്ച് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും രാജ്യത്ത് 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 4421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഏപ്രില്‍ 14 നാണ് 21 ദിവസത്തെ ലോക് ഡൗണ്‍ അവസാനിക്കുക. എന്നാല്‍ രോഗം വ്യാപനം കൂടുന്ന ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ നീട്ടാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചു തുടങ്ങി. തെലങ്കാന, അസം, യുപി, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം അടച്ചുപൂട്ടല്‍ നീട്ടണമെന്ന നിലപാടാണ് എടുക്കുന്നത്.
കൊവിഡില്‍ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതലസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ലോക് ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം.