കണ്ണൂരിൽ ചെറു റോഡുകളടക്കം അടച്ചു ;അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ;അനാവശ്യമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും
കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് നടപ്പിലാക്കുന്നത്. കോവിഡ് 19 പടർന്നു പിടിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനാണ് കണ്ണൂർ ജില്ല മുഴുവനായും അടച്ചുകൊണ്ടുള്ള കർശന നടപടി അതികൃതർ സ്വീകരിച്ചത്.നഗര ഗ്രാമ വ്യത്യാസ മില്ലാതെ റോഡുകളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. പ്രധാന റോഡ് ഉൾപ്പെടെ നിരവധി ഇടറോഡുകൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ദേശീയ പാത വഴി മാത്രമേ വാഹനങ്ങളെ കടത്തി വിടുന്നുള്ളു , കർശന പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങളെ കടത്തി വിടുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റീൻ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.അനാവശ്യമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.
ഐ.ജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം. തളിപ്പറമ്പ് നവനീത് ശർമ്മ ഐപിഎസും തലശേരിയിൽ അരവിന്ദ് സുകുമാർ ഐപിഎസിനും ആണ് ചുമതല. ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും ഐ ജി അറിയിച്ചു. ആശുപത്രി യാത്ര അത്യാവശ്യ ഘട്ടത്തിൽ മാത്രമേ നടത്താവൂ എന്ന നിർദ്ദേശവും പോലീസ് നൽകിയിട്ടുണ്ട് .ഇത്തരം സാഹചര്യത്തിൽ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അല്ലെങ്കിൽ ആശുപത്രികളിലേക്ക് മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കിംഗ് സേവനം പരമാവധി ഓൺ ലൈനിൽ ആക്കണമെന്ന നിർദ്ദേശവും പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട് . നിരീക്ഷത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണകൂടവും പോലിസും ചേർന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.