ലോകത്ത് കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് മരണം ഒന്നരലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,53,822 പേരാണ് ലോകത്താകമാനം ഇതുവരെ മരണപ്പെട്ടത്. അതേസമയം, രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയര്‍ന്നു.

15 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 57,000ത്തോളം പേരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയിലെ സ്ഥിതി ഗുരുതരമാണ്. നിലവില്‍ അമേരിക്കയില്‍ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ 2,535 പേര്‍ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയില്‍ മരണം 22,745 ആയി. രോഗബാധിതര്‍ 1.72 ലക്ഷം കടന്നു. സ്‌പെയ്‌നില്‍ മരണം 20,000 കടന്നു. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 18,641 പേരും ബ്രിട്ടണില്‍ 14,576 പേരും കൊറോണ ബാധിച്ച്‌ മരിച്ചു.4,000 ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജര്‍മനയില്‍ മരണം 4,300 കടന്നു.

ബെല്‍ജിയത്തില്‍ മരണം 5,000 കടന്നു. ഇറാനില്‍ മരണസംഖ്യ 4,958 ആയി. ബ്രസീലില്‍ 2.000ത്തിലേറെ പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 13,835 രോഗികളാണുള്ളത്. രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 452 ആയി.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ആഴ്ചകള്‍ക്ക് ശേഷം മരണനിരക്കില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തി. 1,290 ജീവന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചൈനയില്‍ നഷ്ടമായി. വുഹാനിലെ മരണസംഖ്യയില്‍ ചൈന തിരുത്തല്‍ വരുത്തിയതാണ് ഇതിന് കാരണം. ഇതോടെ ആകെ മരണം 4,632 ആയി ഉയര്‍ന്നു. അതേസമയം 150ല്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്. 78000 ത്തോളം പേര്‍ക്ക് രോഗം ഭേദമായി.

error: Content is protected !!