സൗദിയില്‍ ഇന്ന് ഏഴ് മരണവും 429 പേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു

സൗദി: സൗദിയില്‍ ഏഴ് പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 59 ആയി ഉയര്‍ന്നു. 429 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4462 ആയി. രോഗമുക്തി നേടിയത് ഇന്ന് 41 പേരാണ്. ഇതോടെ ആകെ രോഗമുക്തി 761 ആയി. നിലവില്‍ 3642 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. മരണ സംഖ്യ ആകെ മദീനയില്‍ 22, മക്കയില്‍ 14, ജീദ്ദയില്‍ 10, റിയാദില്‍ നാല്, ഹുഫൂഫില്‍ മൂന്ന്, ബുറൈദയില്‍ ഒന്ന് എന്നിങ്ങിനെയാണ്.

റിയാദില്‍ മാത്രം ഇന്ന് 198 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം റിയാദില്‍ 1304 ആയി. മക്കയില്‍ 103 കേസുകള്‍ ഇന്ന് പുതിയതടക്കം ആകെ കേസുകള്‍ 955 ആയി. മദീനയില്‍ ഇന്നത്തെ 73 കേസുകളടക്കം ആകെ കേസുകള്‍ 666 ആയും ഉയര്‍ന്നു. ദമ്മാമില്‍ 10 പേര്‍ക്കും ഖത്തീഫിലും തബൂക്കിലും മൂന്ന് പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ബാക്കി കേസുകള്‍ ഇതര മേഖലയിലാണ്.

കര്‍ഫ്യൂ സമയത്ത് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ പ്രവാസികളടക്കം നിരവധി പേര്‍ക്ക് പതിനായിരം റിയാല്‍ പിഴ ലഭിച്ചു. പലരുടേയും ഇഖാമകള്‍ ഫോട്ടോ എടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ക്ക് ഇതിനകം അബ്ഷീറില്‍ കര്‍ഫ്യൂ ലംഘനത്തിന് പിഴ വന്നിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് പുറത്തിറങ്ങാനുള്ള രേഖയടക്കം അബ്ഷീറില്‍ അപ്പീല്‍ ചെയ്യാം.

error: Content is protected !!