അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ദ്രുത കര്‍മ്മ സേന

കണ്ണൂർ :സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായി ദ്രുത കര്‍മ്മ സേന രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ലോക് ഡൗണ്‍ നീട്ടുവാനുണ്ടായ സാഹചര്യത്തെ കുറിച്ചും ലോക് ഡൗണ്‍ കഴിയുന്നത് വരെ ക്യാമ്പുകളില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വിശദീകരിക്കും. ഇത് പാലിക്കുന്നുണ്ടോ എന്ന് സേന ഉറപ്പ് വരുത്തും.

ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മാനസിക ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വനിതാ ശിശുക്ഷേമ വിഭാഗം ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ മെമ്പര്‍മാരായും ജില്ലാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. കമ്മിറ്റി അംഗങ്ങള്‍ മൂന്ന് ദിവസം കൂടുമ്പോള്‍ ക്യാമ്പ് സന്ദര്‍നം, പഞ്ചായത്ത് തല പ്രവര്‍ത്തനം, നിലവിലുള്ള സ്ഥിതികള്‍ എന്നിവയെക്കുറിച്ച് അവലോകനം നടത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അസി. ലേബര്‍ ഓഫീസര്‍/ ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍(കണ്‍വീനര്‍), തദ്ദേശ സ്ഥാപന സെക്രട്ടറി, ഒരു ഹോം ഗാര്‍ഡ്, വില്ലേജ് ഓഫീസര്‍ ( മെമ്പര്‍മാര്‍) എന്നിവരടങ്ങുന്ന ദ്രുത കര്‍മ്മ സേന തദ്ദേശ സ്ഥാപനതലത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്.

ദ്രുത കര്‍മ്മ സേന എല്ലാ അതിഥി തൊഴിലാളി ക്യാമ്പുകളും സന്ദര്‍ശിക്കേണ്ടതും ജില്ലയിലെ പരാതി പരിഹാര സെല്ലില്‍ നിന്നും ലഭിക്കുന്ന പരാതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുമാണ്. അതിഥി തൊഴിലാളികള്‍ നേരിടുന്ന മാനസിക – സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിലുള്ള മനശാസ്ത്ര വിദഗ്ദ്ധരുടെ(ശ്രീജേഷ്- 8861865996, സേവ്യര്‍കുട്ടി- 8113071154) സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ദ്രുത കര്‍മ്മ സേനയോടൊന്നിച്ച് വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ ഹെല്‍പ് ലൈനിന്റെ കീഴിലുള്ള ഭാഷാ കൗണ്‍സിലര്‍മാര്‍ ഉണ്ടായിരിക്കണം. ഇവര്‍ റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദേശങ്ങള്‍ അതിഥി തൊഴിലാളികളെ അറിയിക്കുകയും ഓരോ തൊഴിലാളിയുടെയും പരാതി ടീമിനെ അറിയിക്കുകയും വേണം.

error: Content is protected !!