സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ്; കണ്ണൂരിൽ 2 പേർക്ക് , 19 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേർ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ രണ്ടുപേർക്കും പാലക്കാട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നാണ് രോഗം പകർന്നത്. ഇതുവരെ 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 112,173 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

വിഷു, അംബേദ്കർ ജയന്തി ആശംസകളോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളം ആരംഭിച്ചത്. നാളെ വിഷുവും അംബേദ്കർ ജയന്തിയുമാണ്. ദിനരാത്രങ്ങൾ ഒരേദൈർഘ്യത്തോടെയാവുന്ന ദിവസമാണ് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനമായ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതക്കുവേണ്ടി, സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാന നായകനാണ് ഡോ. അംബേദ്കർ. ഭരണഘടനയിൽ സമഭാവനയുടെ അംശങ്ങൾ ഉൾച്ചേർക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ജാതിക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ തുല്യതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അംബേദ്കറിന്റെ 130-ാം ജന്മദിനം വന്നുചേരുന്നതിൽ അതിന്റേതായ ഔചിത്യുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെയെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സംഭാവനയായി വിഷുക്കൈനീട്ടം മാറ്റാൻ എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ തയ്യാറാവണം എന്നഭ്യർത്ഥിക്കുന്നു. ഏപ്രിൽ മാസത്തിൽ റമസാൻ മാസവും ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണത്. സക്കാത്തിനെയും ഇപ്പോഴത്തെ പ്രതിസന്ധി അകറ്റാനുള്ള ഉപാധിയാക്കി മാറ്റണം. നാടിന്റെ വിഷമസ്ഥിതി മാറ്റാനുള്ള കടമ എല്ലാവരും നിർവഹിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!