കൊവിഡ് 19: ഇന്ത്യയില്‍ മരണം 448 ആയി, രോഗബാധിതര്‍ 13430

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം ഇന്നലെ 8 കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊറോണ മരണം 448 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13430 ഉം ആയി.

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്‌. രാജ്യത്താകെ 1515 പേര്‍ക്ക്‌ രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ 3202 കോവിഡ്‌ കേസുകളാണ്‌ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 295 പേര്‍ വൈറസ്‌ ബാധയില്‍ നിന്ന്‌ മുക്തരായപ്പോള്‍ 194 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ഇവിടെ 24 മണിക്കൂറിന്‌ ഇടയില്‍ 284 പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഏഴ്‌ പേരാണ്‌ ഇന്നലെ മരിച്ചത്‌. 438 തീവ്രബാധിത മേഖലകളാണ്‌ മുംബൈയില്‍ മാത്രമുള്ളത്‌. 1578 പേര്‍ക്കാണ്‌ ഡല്‍ഹിയില്‍ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തമിഴ്‌നാട്ടില്‍ ഇന്നലെ 38 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 1242 ആയി. മധ്യപ്രദേശില്‍ വൈറസ്‌ ബാധ നെഗറ്റീവ്‌ ആവുന്നവരുടെ എണ്ണത്തിന്‌ അടുത്ത്‌ നില്‍ക്കുന്നതാണ്‌ മരണ നിരക്ക്‌ എന്നത്‌ ആശങ്ക നല്‍കുന്നതാണ്‌.

1120 പേര്‍ക്കാണ്‌ മധ്യപ്രദേശില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. അതില്‍ 64 പേര്‍ക്ക്‌ നെഗറ്റീവ്‌ ഫലം വന്നപ്പോള്‍, ജീവന്‍ നഷ്ടമായത്‌ 53 പേര്‍ക്ക്‌. 871 കേസുകളാണ്‌ ഗുജറാത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ ഇവിടുത്തെ മരണ നിരക്കും ആശങ്ക തരുന്നതാണ്‌. 36 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ ഗുജറാത്തില്‍ മരിച്ചത്‌.

error: Content is protected !!