കോവിഡ് 19 : സൗദിയില്‍ എട്ട് മരണങ്ങളും 435 പുതിയ കേസുകളും
സൗദി: സൗദിയില്‍ പുതുതായി 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 5369 ആയി. ചികിത്സയിലിരുന്നവരില്‍ ഇന്ന് എട്ട് പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണം 73 ആയി ഉയര്‍ന്നു. 84 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗമുക്തി ഇന്നാണ് സ്ഥിരീകരിച്ചത്.
റിയാദിലും മക്കയിലും മദീനയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മദീനയില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 29 ആയി. മക്കയില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഇവിടെ 18 ആയി. ജിദ്ദയില്‍ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 11 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നഗരങ്ങള്‍ പ്രകാരം ഇങ്ങിനെയാണ്. റിയാദില്‍ 119, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, തബൂക്ക് 4.
സൌദിയില്‍ ആദ്യം അസുഖം സ്ഥിരീകരിച്ച് ലോക്ക് ഡൌണിലായ ഖതീഫില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഒരു കേസുകളും ഇല്ല. ദമ്മാം ജിദ്ദ റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന തുടരുന്നതിനാലും നിരവധി പേരുടെ സാന്പിളെടുത്തതിനാലും ഇവയുടെ ഫലം കൂടി ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.