സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

തിരുവനന്തപുരം: കൊവിഡ് 19 നെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്‌. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബദല്‍ മാര്‍ഗം സ്വീകരിച്ചത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.

മന്ത്രിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക്​ 30 ശതമാനം വെട്ടിക്കുറച്ചു. എം.എല്‍.എമാര്‍, ബോര്‍ഡ്​ കോര്‍പറേഷന്‍ ​ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കും ഇത്​ ബാധകമാണ്​.

ഇത്തരത്തില്‍ ഇപ്പോള്‍ പിടിക്കുന്ന തു​ക സര്‍ക്കാറി​​ന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരികെ നല്‍കുമെന്ന ഉറപ്പ്​ നല്‍കിക്കൊണ്ടാവും ഇതു സംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കുക.

ജീവനക്കാരില്‍ നിന്ന്​ നിര്‍ബന്ധമായി പണം പിടിക്കു​ന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ബന്ധമായി പണം പിടിക്കരുതെന്ന്​ കോടതിയും വ്യക്തമാക്കിയിരുന്നു. പണം പിടിക്കുന്ന വിഷയം കോടതി കയറിയാലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പണം തിരിച്ചു നല്‍കുമെന്ന ഉറപ്പ്​ കോടതിയില്‍ വിശദീകരിക്കാമെന്ന പ്രതീക്ഷയിലാണ്​ സര്‍ക്കാര്‍.

 

error: Content is protected !!