നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം: മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാവിലെ 11 ന് ശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചത്. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.  മുഖ്യമന്ത്രിയ്ക്കൊപ്പം ആരോഗ്യ മന്ത്രി കെകെ ശൈലജയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ് ആരംഭിക്കുന്നതിന് മുന്‍പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസന്‍റേഷന്‍ അവതരിപ്പിച്ചിരുന്നു. ശേഷമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്.

മാസ്‌ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെകുറിച്ച്‌ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി യോഗം ആരംഭിച്ചത്. 24 മണിക്കൂറും താന്‍ ലഭ്യമാകും എന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി. എപ്പോള്‍ വേണമെങ്കിലും വിളിച്ച്‌ സംസാരിക്കാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാം. ഈ പ്രത്യേക ഘട്ടത്തില്‍ നാം തോതോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ ലോക്ക്ഡൗൺ ഏപ്രില്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

20 ഓളം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ നീട്ടണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ ലോക്ക്ഡൗൺ ഏപ്രില്‍ 30 വരെ നീട്ടിക്കഴിഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്‍റെ സംസ്ഥാനത്തിന്‍റെ ജിഡിപി കുറയുകയാണെന്നും കോവിഡിനെതിരെ പോരാടാന്‍ കേന്ദ്രത്തിന്‍റെ കൂടുതല്‍ സഹായം ആവശ്യമാണെന്നും അറിയിച്ചു.

error: Content is protected !!