ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് മന്ത്രി പി.തിലോത്തമന്‍

തിരുവനന്തപുരം: ഭക്ഷ്യ ഭൗര്‍ലഭ്യം സംസ്ഥാനത്തുണ്ടാകില്ലെന്ന് മന്ത്രി പി.തിലോത്തമന്‍. ആറു മാസത്തേക്കാവശ്യമായ അരി സംസ്ഥാനത്തുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗോഡൗണുകളിലുള്ള സ്റ്റോക്കിന് പുറമേ മില്ലുകളില്‍ നെല്ല് അരിയാക്കി മാറ്റുകയാണ്. കൂടാതെ ട്രെയിന്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി. വില പിടിച്ചുനിറുത്താന്‍ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക് ഡൗണ്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്. അവശ്യസാധനങ്ങള്‍ക്ക് ഒന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടത്ര ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ സ്‌റ്റോക്കുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.