കോവിഡിനെതിരെ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി
കോവിഡിനെ ചെറുക്കാന്‍ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി. കോവിഡ് ഭേദമായവരില്‍ നിന്നുള്ള ആന്റി ബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സ. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്താന്‍ ഐ.സി.എം.ആര്‍ അനുമതി നല്‍കി.
ചൈന, അമേരിക്ക തുടങ്ങി വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിയില്‍ പരീക്ഷണം നടക്കുന്നത്. ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ ഇതു സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യറാക്കിയത്.
കോവിഡ് 19 രോഗം ഗുരുതരമായി പിടിപ്പെട്ട പ്രായപൂർത്തിയായ രോഗികളിൽ രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നതാണ് പരീക്ഷണം. ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള ഐ.സി.എം.ആര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. ശ്രീചിത്രയുടെ നേതൃത്വത്തില്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായാകും പരീക്ഷണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അനൂപും ടാസ്ക്ഫോഴ്സിലുണ്ട്. ഐ.സി.എം.ആര്‍ അനുമതി ലഭിച്ചെങ്കിലും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി പരീക്ഷണത്തിന് വേണം. ചികിത്സ ആരംഭിക്കാനുള്ള ആദ്യ പടിയെന്ന നിലയില്‍ കോവിഡ് ഭേദമായ പലരോടും പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. നിലവിൽ കോവിഡ് 19ന് ആന്റിവൈറൽ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.