കോവിഡ് 19 : പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് 19യുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രവാസികളുടെ സംരക്ഷണത്തിനായി 5,000 ഡോക്ടർമാരും 20,000 നഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും കോടതി ചോദിച്ചു. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.
പ്രവാസികളായ ഇന്ത്യക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനുശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. മേയ് അഞ്ചിന് ഹർജി വീണ്ടും പരിഗണക്കുമെന്നും കോടതി അറിയിച്ചു.