കോവിഡ് രോഗിയെ ആശുപത്രിയിലാക്കാൻ വൈകിയെന്ന വിവാദം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലാക്കാൻ വൈകിയെന്ന രീതിയിലുണ്ടായ വിവാദം ദൗർഭാഗ്യകരമാണ്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ പ്രത്യേകിച്ച് ഒരുവീഴ്ചയും ഉണ്ടായില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിലോ വിമർശിക്കുന്നതിലോ കുഴപ്പിമില്ല. എന്നാൽ എന്തിനാണ് ഒരു സംവിധാനത്തെ ആകെ പുകപടലത്തിൽ നിർത്തുന്ന തെറ്റായ പ്രവണ. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ ജാഗ്രത പുലർത്തണമെന്നാണ് അഭ്യർഥന- മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ഡിഎംഒയ്ക്കു രോഗിയുടെ പരിശോധനാ ഫലം ലഭിച്ചതുമുതൽ കൃത്യമായ നപടികളാണ് സ്വീകരിച്ചത്. കോട്ടയത്ത് തിങ്കളാഴ്ച 162 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. സാമ്പിൾ എടുക്കേണ്ട വ്യക്തികളെ ആംബുലൻസ് അയച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരികയും അതേ ആംബുലൻസിൽ തിരികെ അയക്കുകയുമാണ് ചെയ്യുന്നത്. ഇതിനു ശേഷം ആംബുലൻസ് അണുനശീകരണം നടത്തണം. തിങ്കളാഴ്ച ആറ് പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടായത്. ഇവരെ എല്ലാം രാത്രി 8.30 ഓടെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്നതരത്തിൽ ചർച്ചകൊണ്ടുപോകുകയും രോഗിയെ പൊതു പ്രസ്താവന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഇക്കാര്യങ്ങളൊക്കെ ആ മാധ്യമങ്ങൾ ആലോചിക്കണം മുഖ്യമന്ത്രി പറഞ്ഞു