ലോക്ഡൗണ്‍ നിയന്ത്രണം: കണ്ണൂർ ജില്ലയിൽ മരുന്നുകള്‍ ഇനി ഹോംഡെലിവറി വഴി
കണ്ണൂർ : കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ (ബുധന്‍) മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മരുന്നുകള്‍ വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ നിലവില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാല്‍ അവ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം.
ജില്ലയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകളുടെ സഞ്ചാരത്തിനും കൂട്ടംകൂടുന്നതിനും നിയന്ത്രണം നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവലോകന യോഗം വിലയിരുത്തി. ലോക്ഡൗണ്‍ ദിവസങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് ജനങ്ങളുടെ ജാഗ്രതയില്‍ കുറവുണ്ടാവരുത്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ കര്‍ശനമാക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.