രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: മരണം 603 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,985 ആയി. 603 പേരാണ് ഇതുവരെ രോഗ ബാധയേറ്റ് മരിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും.

രാജ്യത്ത് ഐസിഎംആര്‍ നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേന്‍മക്കുറവ് പരിശോധനകള്‍ക്ക് തിരിച്ചടിയായി. സമൂഹവ്യാപനം ഉണ്ടോ എന്നറിയാന്‍ അതിവേഗ പരിശോധന കിറ്റ് ഉപയോഗിച്ച്‌ 25 സംസ്ഥാനങ്ങളില്‍ നിന്നായി 32,000 സാമ്പിള്‍ പരിശോധിക്കാനായിരുന്നു ഐസിഎംആര്‍ നീക്കം. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണമേന്‍മയില്ലെന്ന് കണ്ടെത്തിയതോടെ പരിശോധന നിര്‍ത്തി.

പ്രായമായവരെയും കിടപ്പിലായവരെയും ശ്രുശ്രൂഷിക്കുന്നവര്‍, പ്രീപെയ്ഡ് കണക്ഷന്‍ റീചാര്‍ജ്, ബ്രെഡ് ഫാക്ടറി, പാല്‍ സംസ്കരണം, നഗരമേഖലയിലെ പൊടി മില്ലുകള്‍, ബുക്ക് കടകള്‍, ഇലക്‌ട്രോണിക് കടകള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ മരണം സ്ഥിരീകരിച്ചവരുടെയും സംശയിക്കുന്നവരുടെയും മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടു വരികയാണെങ്കില്‍ പാലിക്കേണ്ട നടപടിക്രമവും ആരോഗ്യമന്ത്രാലയം പുറത്തിറങ്ങി.

ഹോട്ട്സ്പോട്ട്, നിയന്ത്രിത മേഖല, ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പലായനത്തിന്റെ ഭാഗമായവരുമായ പ്രസവം അടുത്തിരിക്കുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കൊറോണ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. കൊറോണ വ്യാപനം, പ്രതിരോധ നടപടികള്‍ എന്നിവ സംബന്ധിച്ച്‌ ഫോണ്‍ കോള്‍ വഴി സര്‍ക്കാര്‍ സര്‍വെ നടത്തുന്നുണ്ട്.

error: Content is protected !!