ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു; കടുത്ത നിയന്ത്രണം തുടരും

ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഖത്തറിൽ 153 ഉം കുവൈത്തിൽ 112 ഉം ഒമാനിൽ 48 പേരും ഉൾപ്പെടെ 313 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 9449 ആയി. കോവിഡ് മരണ നിരക്കും രോഗികളുടെ എണ്ണവും ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ദീർഘിപ്പിക്കാനുറച്ചാണ് ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യയിൽ കർഫ്യൂ സമ്പൂർണം. ഇറാനിൽ മരണം നാലായിരം കടന്നു.

ഗൾഫിൽ കോവിഡ് മരണം 67 ൽ എത്തി. സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം. 41. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. മൂവായിരത്തോളം കോവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. വരും ദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയർന്നേക്കാമെന്ന സൗദി ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ് കൂടുതൽ കടുത്ത നടപടികൾക്കാണ് ഗൾഫ് രാജ്യങ്ങളെ ഒന്നാകെ പ്രേരിപ്പിക്കുന്നത്. അടുത്ത രണ്ടാഴ്ചകളിൽ രോഗവ്യാപനം മുൻനിർത്തി കൂടുതൽ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.

കോവിഡിന്റെ സാമൂഹിക വ്യാപനം പക്ഷെ, ഗൾഫിൽ എവിടെയും ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, പ്രവാസികൾ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയ, ഒമാനിലെ മത്ര, സൗദിയിൽ റിയാദ് എന്നിവിടങ്ങളിൽ രോഗവ്യാപന തോത് കൂടുതലാണ്. മലയാളികൾ കൂടുതലായി പാർക്കുന്ന പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ തേടി കഴിഞ്ഞ ദിവസം നോർക്ക ദുബൈ ഇന്ത്യൻ കോൺസുലേറ്റിന് കത്ത് നൽകിയിരുന്നു. സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് മോചനവും നൽകും. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 599 പേരെ മോചിപ്പിക്കാൻ ഒമാൻ ഉത്തരവിട്ടു.

സൗദിയിലും കുവൈത്തിലും ദീർഘിപ്പിച്ച കർഫ്യു മാറ്റമില്ലാതെ തുകരുകയാണ്. ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ദുബൈയിലും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.

error: Content is protected !!