കൊവിഡ് ചികിത്സ : മികച്ച സംവിധാനങ്ങളുമായി കണ്ണൂർ ; 4 കേന്ദ്രങ്ങള്‍ 1000 കിടക്കള്‍, 60 വെന്റിലേറ്റര്‍

കണ്ണൂര്‍ : കൊവിഡ് ചികിത്സക്കായി കണ്ണൂര്‍ ജില്ലയില്‍ സജ്ജമാക്കിയത് മികച്ച സംവിധാനങ്ങള്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി എന്നിവടങ്ങളിലാണ് കൊവിഡ് 19 ചികിത്സക്ക് സംവിധാനം ഒരുക്കിയത്. ഇതിനുപുറമെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി.

ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി 1000 കിടക്കകള്‍, 98 ഐസിയു കിടക്കകള്‍, 60 വെന്റിലേറ്റര്‍ എന്നിങ്ങനെ വിപുലമായ സൗകര്യമാണ് തയ്യാറാക്കിയിരിക്കുന്നത്. ഗവ. മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളും 40 ഐസിയു കിടക്കകളും ഉണ്ട്. 40 വെന്റിലേറ്ററും ഇവിടെ ലഭ്യമാണ്. ആവശ്യം വന്നാല്‍ ഇവിടെ 200 കിടക്കകള്‍ കൂടി കൊവിഡ് ചികിത്സക്കായി ഒരുക്കാന്‍ കഴിയും.

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 225 കിടക്കകളാണ് ജനറല്‍ വാര്‍ഡിലുള്ളത്. മുറികളിലായി 42 കിടക്കകളുമുണ്ട്. എട്ട് വെന്റിലേറ്ററും ഇവിടെ സജ്ജമാണ്. ഇതിനു പുറമെ ജീവനക്കാര്‍ക്ക് താമസിക്കാനായി 26 മുറികളും ഉണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 കിടക്കകളും 31 മുറികളും കൊവിഡ് ചികിത്സക്കായി ഒരുക്കി. 11 ഐസിയു കിടക്കകളും ആറ് വെന്റിലേറ്ററും ഇവിടെ ലഭ്യമാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 32 കിടക്കകള്‍, 17 ഐസിയു കിടക്കകള്‍, അഞ്ച് വെന്റിലേറ്റര്‍ എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി 12 കൊറോണ കെയര്‍ സെന്ററുകളും ജില്ലയില്‍ ഉണ്ട്. 12 സെന്ററുകളിലുമായി സിംഗിള്‍ റൂമുകളും ഡബിള്‍ റൂമുകളുമായി 475 കിടക്കകളാണുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ താണയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, തളിപ്പറമ്പ് ഗവ. ആയുര്‍വേദ ആശുപത്രി, തോട്ടട ഗവ. പോളിടെക്‌നിക്ക് ഹോസ്റ്റല്‍, പയ്യന്നൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി, കണ്ണൂര്‍ നഗരത്തിലെ അറഫ ഇന്റര്‍നാഷണല്‍ ഹോട്ടല്‍, വിചിത്ര ലോഡ്ജ്, സെന്റോര്‍ ഹോട്ടല്‍, ബ്ലൂനൈല്‍ ഹോട്ടല്‍, സന്നിധാനം ലോഡ്ജ്, ഭരതം ഹെറിറ്റേജ്, ഇരിട്ടിയിലെ ഫെറോന റെസിഡന്‍സി, എന്‍കെഎച്ച് റെസിഡന്‍സി തുടങ്ങിയ സ്വകാര്യ ലോഡ്ജുകളും കെയര്‍ സെന്ററുകള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്.

error: Content is protected !!