സ്റ്റഡി ടേബിള്‍ വാങ്ങാന്‍ വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി യുകെജി വിദ്യാര്‍ത്ഥി

കണ്ണൂര്‍: കൊവിഡില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെറുതും വലുതുമായ സഹായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനിടയില്‍ തന്‍റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ദ്രുപത് എന്ന എല്‍കെജി വിദ്യാര്‍ത്ഥി.

സ്റ്റഡി ടേബിള്‍ വാങ്ങിക്കാന്‍ കരുതിവെച്ചിരുന്ന പണമാണ് ഈ കൊച്ചു മിടുക്കന്‍ സംഭാവനയായി നല്‍കിയിരിക്കുന്നത്. തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനെയാണ് ദ്രുപത് പണം ഏല്‍പ്പിച്ചത്. എരഞ്ഞോളി നവാസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യര്‍ത്ഥിയായ ദ്രുപതിന്‍റെ നന്മ ബിനുമോഹന്‍ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് പങ്കു വെച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നാടിൻറെ കരുതലിന് ഈ കുഞ്ഞു കൈകളും

ലോകം മുഴുവൻ COVID 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ മുന്നിട്ടു ഇറങ്ങുമ്പോൾ, COVID ഡ്യൂട്ടിക്കിടെ എൻറെ ഔദ്യോഗിക ജീവിതത്തിനിടയിൽ വളരെയധികം സന്തോഷം നൽകിയ വ്യത്യസ്തമായ ഒരു അനുഭവമാണ് ഇന്നുണ്ടായത് .

ഇവനെ പരിചയപ്പെടാം എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിലെ UKG വിദ്യാർത്ഥി, എരഞ്ഞോളി യിലെ സുജിത്ത് ,ഷിജിന എന്നിവരുടെ മകനായ അഞ്ചു വയസ്സുകാരൻ,

ദ്രുപദ്

പോലീസിൻറെ വാഹനമോ കാക്കി യോ കണ്ടാൽ പ്രായമായവർ പോലും വീടിനകത്തേക്ക് ഉൾവലിയുന്ന LOCKDOWN കാലത്ത് തലശ്ശേരി എരിഞ്ഞോളി മലാൽ പ്രദേശത്ത് പെട്രോളിങ് ഡ്യൂട്ടിക്കിടയിൽ ഒരു അഞ്ചുവയസ്സുകാരൻ എൻറെ വണ്ടിയുടെ അടുത്തേക്ക് ഓടി വന്നു എന്നോട് ചോദിച്ചു ” എൻറെ കയ്യിൽ STUDY ടേബിൾ വാങ്ങാൻ കൂട്ടിവെച്ച പൈസയുണ്ട്, അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ സാർ വാങ്ങുമോ എന്ന് ?

അവൻറെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ, അതിൽ അവൻ കാണിച്ചു തന്ന വലിയ മാതൃകയ്ക്ക് മുന്നിൽ , അവൻ പഠനാവശ്യത്തിനും അവൻറെ ആഗ്രഹങ്ങൾക്കും സ്വരുക്കൂട്ടി വെച്ച വലിയ സമ്പാദ്യം ഏറ്റുവാങ്ങി ബഹുമാനപ്പെട്ട കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു .

“വിദ്യാഭ്യാസം”
സമൂഹത്തിൻറെയും മനുഷ്യരുടെയും വികാരങ്ങളും വിഷമങ്ങളും മനസ്സിലാക്കാനുള്ള വികാസം നേടിയെടുക്കുക എന്നതുകൂടി ആണെങ്കിൽ
ഈ അഞ്ചുവയസ്സുകാരനോളം വികാസം വരില്ല ,
നമ്മുടെ നാടിനുവേണ്ടി സ്വന്തം കാര്യം മാറ്റിവെക്കേണ്ടി വന്നപ്പോൾ മുഖം കറുപ്പിച്ച ഒരുപാട് ഡിഗ്രികൾ കൾ വാങ്ങിക്കൂട്ടി എന്ന് മേനി നടിക്കുന്ന പലർക്കും…

മാതൃകയാക്കാം നമ്മുടെ നാടിൻറെ കരുതലിന് പങ്കുചേർന്ന ഈ അഞ്ചു വയസ്സുകാരൻ ദ്രുപധിനെ

പ്രിയപ്പെട്ട ദ്രുപദിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

ബിനു മോഹൻ .പി .എ
സബ് ഇൻസ്പെക്ടർ തലശ്ശേരി

 

 

error: Content is protected !!