കൊവിഡ് 19: രാജ്യത്ത് മരണം 149 ആയി, രോഗ ബാധിതര്‍ 5000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന ഔദ്യോഗിക കണക്കനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണം 5,194 ആയി. രോഗവ്യാപന സ്ഥിതിയിലും ലോക് ഡൗണ്‍ തുടരുന്ന കാര്യത്തിലും അടുത്ത ഒരാഴ്ചത്തെ കണക്കുകള്‍ പ്രധാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രോഗ നിര്‍ണ്ണയ പരിശോധനകള്‍ കാര്യക്ഷമമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം മാത്രം 773 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇന്ന് 14 മാസം പ്രായമായ കുഞ്ഞ് വൈറസ് ബാധമൂലം മരിച്ചു. 401 പേര്‍ക്ക് അസുഖം ഭേദമായി.
അതേസമയം ഡല്‍ഹിയില്‍ ഒരു ഒരു മലയാളി നഴ്‌സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം പത്തായി. നേരത്തെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്‍പത് മലയാളി നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 26 ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സുമാര്‍ക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കത്ത് അയച്ചിരുന്നു.