കൊവിഡ് 19: രാജ്യത്ത് മരണം ആയിരം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,007 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നലെ മാത്രം 74 പേരാണ് മരണപ്പെട്ടത്. ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

അസം സ്വദേശിയായ ഒരു സിആര്‍പിഎഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ‍ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിആര്‍‌പി‌എഫിന്റെ പാരാമെഡിക് യൂണിറ്റില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന മറ്റൊരു ജവാനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ 31-ാം ബറ്റാലിയനിലുള്ള ജവാന് ഏപ്രില്‍ 17 മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 21നാണ് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്നു ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വരെ ബറ്റാലിയനിലെ 47 സിആര്‍പിഎഫ് ജവാന്മാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1000ത്തിലധികം പേര്‍ ക്വാറന്റീനിലാണ്.

രാജ്യത്ത് ഇതുവരെ 31,332 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1897 പോസ്റ്റീവ് കേസുകള്‍. 22629 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 7695 പേര്‍ രോഗമുക്തരായി. കോവിഡ് കേസുകളുടെ ഇരട്ടിക്കല്‍ നിരക്ക് 10.9 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

error: Content is protected !!