കൊവിഡ് 19: കണ്ണൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടത്തില്ലെന്ന് ജില്ല കളക്ടര്‍.

ഇതുവരെ 84 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 64 കേസുകളും വിദേശത്തുനിന്നെത്തിയവരാണ്. 20 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. ഈ 20 കേസുകള്‍ പരിശോധിച്ചാല്‍ ഇവയെല്ലാം വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുടെ വീട്ടുകാര്‍ക്കാണ് എന്ന് വ്യക്തമാവുമെന്നും കളക്ടര്‍ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല…. ജില്ലയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ തുടരുന്നതില്‍ ആശങ്കയിലാണ് പലരും. വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും സംസ്ഥാന അതിര്‍ത്തികള്‍ ഏറെക്കുറെ അടയ്ക്കുകയും ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും കൊറോണ ബാധ ജില്ലയുടെ ചില ഭാഗങ്ങളില്‍ തുടരുന്നതാണ് പലരെയും പരിഭ്രാന്തിയിലാക്കുന്നത്. എന്നാല്‍ അത്തരമൊരു പരിഭ്രാന്തിയുടെ സാഹചര്യം ജില്ലയില്‍ ഇപ്പോഴില്ല. ജില്ലയില്‍ ഇതുവരെ 84 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 64 കേസുകളും വിദേശത്തുനിന്നെത്തിയവരാണ്. 20 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. ഈ 20 കേസുകള്‍ പരിശോധിച്ചാല്‍ ഇവയെല്ലാം വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുടെ വീട്ടുകാര്‍ക്കാണ് എന്ന് വ്യക്തമാവും. ഇവരില്‍ എട്ട് പേരും ഒരേ വീട്ടുകാരാണ് താനും. അതായത് വൈറസിന്റെ സമൂഹവ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ല. ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ അവരുടെ വീട്ടുകാരായ പ്രൈമറി കോണ്ടാക്റ്റുകളാണ് ഇവരെല്ലാം. ഹോം ക്വാറന്റൈന്‍ പാലിക്കുന്നതില്‍ ചില വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഈ വര്‍ധനവിനു കാരണം. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ കൂടിവരുന്നതിന് മറ്റു രണ്ടു കാരണങ്ങള്‍ കൂടിയുണ്ട്. കൊറോണ ബാധിതരുടെ പ്രൈമറി കോണ്ടാക്റ്റുകളെ മുഴുവന്‍ സ്രവ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന തീരുമാനമാണ് അതിലൊന്ന്. അതായത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും കൊറോണ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ ഇടവന്ന മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതിയാണ്. കൊറോണ വ്യാപനമുണ്ടായ ശേഷം വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മുഴുവന്‍ ആളുകളെയും, അവര്‍ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും, സ്രവ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനമാണ് മറ്റൊരു ഘടകം. ഇതുവഴി കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത പലരിലും വൈറസ് ബാധ കണ്ടെത്താനായി എന്നത് പ്രധാനമാണ്. മാത്രമല്ല, 14 ദിവസത്തെ നിരീക്ഷണമാണ് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന രീതിയെങ്കിലും നാട്ടിലെത്തി 25 ദിവസം പിന്നിട്ടവരില്‍ പോലും രോഗബാധ കണ്ടെത്താനായി എന്നതും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൈക്കൊണ്ട ഈ തീരുമാനം വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതില്‍ നിര്‍ണായകമായി എന്നു വേണം കരുതാന്‍. ഇവരെയൊന്നും സ്രവപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ രോഗം കണ്ടെത്താതിരിക്കുകയും ഇവര്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ അവസരമൊരുങ്ങുകയും ചെയ്യുമായിരുന്നു. അത് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക എന്നു പറയേണ്ടതില്ലല്ലോ. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗള്‍ഫില്‍ നിന്നെത്തിയവരെയും അവരുടെ പ്രൈമറി കോണ്ടാക്ടുകളെയും ആംബുലന്‍സില്‍ തൊട്ടടുത്ത കോവിഡ് ചികില്‍സാ കേന്ദ്രത്തിലെത്തിച്ച് സ്രവം എടുത്ത ശേഷം ആംബുലന്‍സില്‍ തന്നെ തിരിച്ചെത്തിക്കുന്ന രീതിയാണ് ആരോഗ്യ വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഇതില്‍ പരിഭ്രാന്തിയുണ്ടാവേണ്ട കാര്യമില്ല. ഏപ്രില്‍ 20നകം ഈ വിഭാഗത്തില്‍ പെട്ട മുഴുവന്‍ പേരുടെയും സ്രവപരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

https://www.facebook.com/745473162216207/posts/2890922714337897/

error: Content is protected !!