രാജ്യത്ത് കൊവിഡ് 19 പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍: വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊവിഡ് ഇത്രയധികം രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് ബാധ ഇന്ത്യയില്‍ ഉടലെടുത്തതല്ല. രാജ്യന്താര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരില്‍ നിന്നാണ് അത് പകര്‍ന്നത്. ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. അങ്ങനെ അന്ന് സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന് ഇന്ന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നാണ് ഭൂപേഷ് ഭാഗല്‍ പറഞ്ഞത്. അതേസമയം ഛത്തീസ്ഗഡില്‍ ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ഏപ്രില്‍ 11 ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 6412 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

error: Content is protected !!