പീഡിയാട്രിക് എക്മോയിലൂടെ ആസ്റ്റർ മിംസിൽ ഒന്നരവയസുകാരിക്ക് പുതുജീവൻ; വടക്കൻ കേരളത്തില്‍ ഇതാദ്യം

കോഴിക്കോട്: കൈവിട്ടുപോകുമെന്നുകരുതിയ ജീവന്‍റെ തുടിപ്പിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടെടുത്ത് നല്‍കിയപ്പോള്‍ ഒന്നരവയസുകാരിക്ക് പുനര്‍ജന്മം. കോഴിക്കോട് ആസ്റ്റർ മിംസിലാണ് പീഡിയാട്രിക് എക്മോയിലൂടെ കണ്ണൂര്‍ സ്വദേശിനിയായ ഒന്നരവയസുകാരിയെ കോവിഡ് കാലത്ത് ഡോക്ടര്‍മാരുടെ സംഘം ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്.

രണ്ടരമാസം നീണ്ട ചികിത്സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യവതിയായ കുട്ടി ഇന്നലെ ആശുപത്രി വിട്ടു എന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ആസ്റ്റര്‍മിംസ് പീഡിയാട്രിക് ഐസിയു സീനിയര്‍ കണ്‍സല്‍ട്ടന്‍റ് സതീഷ്കുമാര്‍ അറിയിച്ചു. ഉത്തരകേരളത്തില്‍ ആദ്യമായാണ് ഇത്തരം രോഗത്തിന് പീഡിയാട്രിക് എക്മോ ശ്രമിച്ചതും വിജയിച്ചതും. വിവിധ ഡിപ്പാര്‍ട്മെന്‍റുകളിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് അസാധരണമായ സാഹചര്യത്തിനു കരുത്തായത്.

ഫെബ്രുവരി എട്ടിനാണ് കടുത്ത ന്യൂമോണിയ ബാധിച്ച നിലയിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വന്ന ഉടനെ വെന്‍റിലേറ്ററിലാക്കേണ്ട സാഹചര്യമായിരുന്നു. ന്യൂമോണിയയുടെ ഏറ്റവും ഉയര്‍ന്ന എആര്‍ഡിഎസ് (ARDS) അവസ്ഥയിലായിരുന്നു കുട്ടി. ശ്വാസകോശം ഏതാണ്ട് പൂര്‍ണമായും നിലച്ച അവസ്ഥ. ഓക്സിജന്‍റെ അളവ് എഴുപതിലേക്കു വരെ താഴ്ന്നു. പിന്നീട് മുന്നിലുള്ള വഴി വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി എക്മോയിലാക്കുകയായിരുന്നു. കാര്യങ്ങള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. 20ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ളിടത്തുനിന്നാണ് എക്മോ (എക്സ്ട്രാ കോര്‍പ്പോറിയല്‍ മെംബ്രൈന്‍ ഓക്സിജനേഷന്‍) യിലേക്ക് മാറ്റുന്നത്. തുടർന്നു പത്തു ദിവസം ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനങ്ങൾ എക്മോ പുറത്ത് നിന്ന് ചെയ്തു. ഓക്സിജൻ ലെവല്‍ മെച്ചപ്പെട്ടുവന്നു. വെന്‍റിലേറ്ററിനു കാര്യങ്ങള്‍ ചെയ്യാമെന്ന അവസ്ഥവന്നപ്പോള്‍ 11ാം ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ഒന്നരമാസം വെന്‍റിലേറ്ററില്‍ കിടന്നശേഷം പൂര്‍ണ ആരോഗ്യാവസ്ഥയിലേക്കു കുഞ്ഞ് തിരിച്ചുവന്നപ്പോഴാണ് വാര്‍ഡിലേക്കു മാറ്റിയത്. കോവിഡ് ടെസ്റ്റിനുള്ള സാഹചര്യം ആശുപത്രിക്കുള്ളില്‍തന്നെ ഉള്ളതിനാല്‍ അതെല്ലാം മുറയ്ക്ക് നടന്നു.

കൈവിട്ടുപോകുമെന്നു കരുതിയ കുഞ്ഞിന്‍റെ ജീവിതം തിരിച്ചെടുക്കാനായതില്‍ പറഞ്ഞറിയിക്കാനാവാത്ത ചാരിതാര്‍ഥ്യമുണ്ടെന്ന് ഡോ. സതീഷ് കുമാര്‍. എക്മോ ഉപയോഗിക്കാന്‍ പ്രത്യേകം വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സേവനമുണ്ടെങ്കില്‍ ശ്വാസകോശവും ഹൃദയവും നിലച്ചുപോകുന്ന അവസ്ഥയില്‍ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നും ഡോക്ടര്‍ വ്യക്തമാക്കി. പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ.സുരേഷ്കുമാര്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ.ഗിരീഷ് വാര്യര്‍, ഡോ.മഞ്ജുള ആനന്ദ്, ഡോ. ആബിദ് ഇക്ബാൽ, ഡോ.സുജാത. പി, ഡോ.ശരത് കൂടാതെ കാര്‍ഡിയോളജി, ഇഎന്‍ടി, പള്‍മനോളജി വിഭാഗങ്ങളിലേയെല്ലാം വലിയൊരു ടീമിന്‍റെ സഹകരണം അതുപോലെ നഴ്സിംഗ് വിഭാഗത്തിന്റെയും പെര്‍ഫ്യൂഷനിസ്റ്റിന്‍റെയും വൈദഗ്ധ്യം എന്നിവയെല്ലാം ഒന്നിച്ചുനിന്നതാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലെന്നും ഡോ. സതീഷ് കൂട്ടിച്ചേര്‍ത്തു.

error: Content is protected !!