വെയർഹൗസുകളിൽനിന്ന് മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ; മദ്യ വിതരണം ഇപ്പോഴില്ല

വെയർഹൗസുകളിൽനിന്ന് കുപ്പികളിൽ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. എന്നാൽ ഭേദഗതി പ്രകാരം ഇപ്പോൾ മദ്യം വിതരണം ചെയ്യാൻ കഴിയില്ല.

നിലവിലെ നിയമം അനുസരിച്ച് ബവ്റിജസ് ഷോപ്പുകളിൽനിന്ന് മാത്രമേ കുപ്പിയിൽ മദ്യം നൽകാനാകൂ. ലോക്ഡൗണിൽ ബവ്റിജസ് ഷോപ്പുകൾ അടച്ചതിനെത്തുടർന്നാണ് വെയർഹൗസ് വഴി മദ്യം വിതരണം ചെയ്യാൻ സർക്കാർ ആലോചിച്ചത്. ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് ബവ്റിജസ് കോർപ്പറേഷന്‍ ജീവനക്കാർ വഴി വെയർഹൗസുകളിൽനിന്ന് മദ്യം വിതരണം ചെയ്യാനായിരുന്നു സർക്കാർ തീരുമാനം. കുറഞ്ഞ മദ്യമാണു നൽകാൻ തീരുമാനിച്ചത്. വീട്ടിലെത്തിക്കുന്ന മദ്യത്തിന് 100 രൂപ സർവീസ് ചാർജായി ഈടാക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് മദ്യം നൽകാനുള്ള തീരുമാനത്തെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ എതിർത്തു. പിന്നീട് കോടതിയും ഈ നീക്കത്തെ തടഞ്ഞതോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. അബ്കാരി ചട്ടം ഭേദഗതി ചെയ്തതു കൊണ്ട് മദ്യ വിതരണം ആരംഭിക്കുമെന്ന് അർഥമില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എന്തെങ്കിലും സാഹചര്യത്തിൽ മദ്യം വിതരണം ചെയ്യേണ്ടി വന്നാൽ ഇപ്പോഴത്തെ ഭേദഗതിയിലൂടെ മദ്യം വിതരണം ചെയ്യാൻ സർക്കാരിനു കഴിയും.

error: Content is protected !!