പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ആന്തൂർ നഗരസഭാ ചെയർപേഴ്‌സനെ സംരക്ഷിച്ചുകൊണ്ടുള്ള സി. പി. എമ്മിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭപരിപാടികളും,രാഷ്ട്രീയ ഇടപെടലുകളും ശക്തമാക്കി ഗവണ്മെന്റിന്റെയും, നഗരസഭയുടെയും തെറ്റായ തീരുമാനത്തിനെതിരെ ശക്തമായി പോരാടാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചതായി
അറയിച്ചു.

യു.ഡി.എഫ് മഹിളാ സംഘടനകളുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മയും നാളെ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

ആന്തൂർ നഗരസഭയുടെ തെറ്റായ നടപടികൾ ജനസമക്ഷം തുറന്ന് കാണിക്കുന്നതിന് വേണ്ടി നഗരസഭയിൽ എല്ലാ പ്രദേശങ്ങളെയും ബന്ധപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് നേതൃത്വം നല്കുന്ന പദയാത്ര നടത്താനും നേതൃയോഗം തീരുമാനിച്ചു.

പാർട്ടി ഗ്രാമങ്ങളിലേക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു എത്തിക്കാനുള്ള രാഷ്ട്രീയ ഇടപെടലായി പദയാത്രയെ മാറ്റാനും ആന്തൂരിലെ സി.പി.എം ഏകാധിപത്യ ഭരണത്തിനെതിരെ പൊതുജനവികാരം ഉയർത്താനുമുള്ള ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ പദയാത്ര പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമാകുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കരുതുന്നത്.

ആന്തൂർ നഗരസഭാ വിഷയത്തിൽ സി.പി.എമ്മിൽ രൂപപ്പെട്ടിട്ടുള്ള രൂക്ഷമായ വിഭാഗീയത സി.പി.എം പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ടെന്നും നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളയെ അധ്യക്ഷ സ്ഥാനത്ത് നിലനിർത്താനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ശക്തമായ ജനരോഷം കൂടി ഉയർത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് കരുതുന്നു.

ഡി.സി.സി നേതൃയോഗത്തിൽ പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി.മുസ്തഫ, അഡ്വ.മാർട്ടിൻ ജോർജ്ജ്, തോമസ് വെക്കത്താനം, എം.പി.ഉണ്ണികൃഷ്ണൻ, പി.ടി.മാത്യു,എൻ.പി ശ്രീധരൻ, പൊന്നമ്പത്ത് ചന്ദ്രൻ, ടി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!