കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ സംസ്ക്കാരം ഇന്ന്.

ആലപ്പുഴ മാവേലിക്കരയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ സി.പി.ഒ സൗമ്യയുടെ സംസ്ക്കാരം ഇന്ന്. രാവിലെ 11ന് വള്ളികുന്നത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച അജാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും.

വള്ളികുന്നം സ്റ്റേഷനിലെ വനിത സി.പി ഒ സൗമ്യയെ കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ ട്രാഫിക്കിലെ പൊലീസുകാരനായ അജാസ് തീവെച്ചു കൊന്നത്. സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽ നിന്നും നാട്ടിൽ എത്തുന്നതിന് വേണ്ടിയായിരുന്നു സംസ്ക്കാരച്ചടങ്ങുകൾ നീട്ടിവച്ചത്. സൗമ്യ ജോലി ചെയ്ത വള്ളികുന്നം സ്റ്റേഷനിൽ രാവിലെ 9 മുതൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സൗമ്യയെ കൊലപ്പെടുത്തിയ അജാസിന്റെ ഇൻക്വസ്റ്റും പൊസ്റ്റുമോർട്ടവും ഇന്ന് വണ്ടാനം മെഡിക്കൽ കോളജിൽ നടക്കും. മാരകമായി പൊള്ളലേറ്റതിന് പിന്നാലെ

ശ്വാസകോശത്തിലെ അണു ബാധയും വൃക്കയുടെ പ്രവർത്തനം നിലച്ചതുമാണ് അജാസിന്റെ മരണ കാരണം. അജാസിന്റ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആയുധം ലഭിച്ചത് എവിടെ നിന്നെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ വിവരങ്ങൾ തിട്ടപ്പെടുത്തണമെന്ന് ഐ.ജി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കെയാണ് ഇന്നലെ അജാസിന്റെ മരണം സംഭവിച്ചത്.

error: Content is protected !!