സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 2017ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.  മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ സിദ്ദിക്കുല്‍ അക്ബറിനാണ് ഫോട്ടോഗ്രഫി അവാര്‍ഡ്. പുതിയ ആകാശം പഴയ ഭൂമി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണനാണ് മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ്. രണ്ടു കാലഘട്ടത്തെ വളരെ കുറച്ചു വരകളിലൂടെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്. കുട്ടിയാനയെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ എഡിറ്റിംഗിന് മാതൃഭൂമി ന്യൂസ് സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ ബൈജു ഞീഴൂരിനാണ് അവാര്‍ഡ്.

ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. പോയിന്‍റ് ബ്ലാങ്കിൽ നടൻ വിനായകനുമായുള്ള അഭിമുഖത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ് കോ ഓഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസ് ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായത്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ക്യാമറാമാൻ ജിബിൻ ബേബിക്കാണ് മികച്ച ടെലിവിഷൻ ക്യാമറയ്ക്കുള്ള അവാർഡ്. കുഞ്ഞിക്കിളി കണ്ണു തുറക്കുന്ന നിമിഷം എന്ന ദൃശ്യമാണ് ജിബിൻ ബേബിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം. ഫിറോസ് ഖാനാണ് അവാര്‍ഡ്. മൃതദേഹങ്ങള്‍ സാക്ഷി എന്ന പേരില്‍ പ്രവാസ ജീവിതത്തെ കുറിച്ചെഴുതിയ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.  വികസനോന്മുഖ റിപ്പോര്‍ട്ടിംഗില്‍ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ സുജിത്ത് അവാര്‍ഡിന് അര്‍ഹനായി. ഊതിക്കത്തിക്കരുത് ആ’ചാരം’ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.

മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ എം ദീനുപ്രകാശിനാണ് ടി വി റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ റഹീസ് റഷീദിന് ടി വി റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ഷം ലഭിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലെ അനൂജ ദേവിക്കാണ് ടി വി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ്.

25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ജൂറിയുടെ പ്രത്യേക പരാമര്‍ഷത്തിന് അര്‍ഹരായര്‍ക്ക് 15,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.

 

error: Content is protected !!