ഫേസ് ബുക്കില്‍ പോരാളി ഷാജി; ഏരിയ കമ്മിറ്റിയില്‍ മുഴുവന്‍ അംഗങ്ങളുടേയും രൂക്ഷ വിമര്‍ശനം. പി കെ ശ്യാമളയെ കൈവിട്ട് സി പി എം .

കണ്ണൂര്‍: ബക്കളത്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. സോഷ്യല്‍ മീഡിയയിലെ സി പി എം മുഖമായ പോരാളി ഷാജി രൂക്ഷമായ ഭാഷയിലാണ് പി കെ ശ്യാമളയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇന്നലെ തളിപ്പറമ്പില്‍ ചേര്‍ന്ന സി പി എം ഏരിയ കമ്മിറ്റി യോഗത്തിലും മുഴുവന്‍ അംഗങ്ങളും പി. കെ ശ്യാമളയ്‌ക്കെതിരെ തിരിഞ്ഞു. കേന്ദ്ര കമ്മറ്റി അംഗം എം.വി.ഗോവിന്ദന്‍ ,ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, കെ.സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ട’ എന്നാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


ഏരിയ കമ്മിറ്റി യോഗത്തില്‍ അംഗങ്ങളില്‍ ഒരാള്‍ പോലും ശ്യാമളയെ അനുകൂലിച്ച് രംഗത്ത് വന്നില്ല. ഏരിയാ കമ്മറ്റി ഒന്നടങ്കം രൂക്ഷ വിമര്‍ശനം നടത്തിയപ്പോള്‍ ശ്യാമള യോഗത്തില്‍ പൊട്ടിക്കരഞ്ഞു്. ഏരിയാ കമ്മറ്റി തീരുമാനപ്രകാരം കോടല്ലൂര്‍, ആന്തൂര്‍ , ബക്കളം ലോക്കല്‍ കമ്മറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ധര്‍മ്മശാലയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ഏരിയാ – ലോക്കല്‍ തീരുമാനങ്ങള്‍ എല്ലാ ബ്രാഞ്ച് കമ്മറ്റികളിലും റിപ്പോര്‍ട്ട് ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയായിരിക്കും പി.കെ.ശ്യാമളക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കുക.

error: Content is protected !!