‘എൻറെ ഫണ്ട് മോഷണം പോയി ‘ ; തിരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയതായി പോലീസിൽ പരാതി നൽകി ഉണ്ണിത്താൻ

തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന പരാതിയുമായി കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഇതു സംബന്ധിച്ച് ഉണ്ണിത്താൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിനായി ജില്ല പൊലീസ് മേധാവി പരാതി മേൽപ്പറമ്പ് പൊലീസിന് കൈമാറി.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താമസിക്കാനായി എടുത്ത മേൽപ്പറമ്പിലെ വാടക വീട്ടിൽ നിന്നും പണം മോഷണം പോയെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതി. ഇന്നലെ കാസർക്കോട് ജില്ല പൊലീസ് മേധാവിക്ക് ദൂതൻ വഴിയാണ് രാജ്മോഹൻ ഉണ്ണിത്താൻ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടാണ് കളവു പോയതെന്നും പരാതിയിൽ പറയുന്നു. പ്രചാരണാവശ്യത്തിന് തനിക്കൊപ്പം കാസർകോട്ടെത്തിയ കൊല്ലം സ്വദേശിയായ സഹായിയെ സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്നതായാണ് പരാതി. ഇന്നലെ ലഭിച്ച പരാതി ഇന്നുച്ചയോടെയാണ് ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് മേൽപ്പറമ്പ് പൊലീസിന് കൈമാറിയത്. അതേ സമയം പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമായ മറുപടി നൽകിയില്ല.

error: Content is protected !!