ശ്രീശാന്തിന്റെ വിലക്ക് ; സുപ്രീം കോടതി വിധി ഇന്ന്

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളിൽ നിന്ന് ശ്രീശാന്ത് പുർണ്ണ മുക്തനല്ല എന്നാണ് ബി.സി.സി.ഐ യുടെ നിലപാട്.

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി . ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ട്. പക്ഷേ വിലക്ക് കാരാണം കഴിയുന്നില്ലെന്ന് ശ്രീശാന്ത് സുപ്രിം കോടതിയിൽ വാദിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്കാണ് മാത്രമാണ് വാതുവെപ്പ് വിവാദത്തെ തുടർന്ന് ഏർപ്പെടുത്തിയത്.

കുറ്റം സമ്മതിപ്പിക്കാൻ ഡൽഹി പൊലീസ്, കസ്റ്റഡിയിലിട്ട് പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ നിലപാടാണ് ശരിവച്ചിരുന്നത് . തുടർന്ന് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹരജിയിൽ വിധി പറയുന്നത്.

error: Content is protected !!